മദ്യം പിടികൂടാനെത്തിയ എക് സൈസ് ഉദ്യോഗസ്ഥരെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച കേസില്‍ 2 പ്രതികള്‍ക്ക് 3 വര്‍ഷവും ഒരുമാസവും തടവ്

35,800 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു

മേല്‍പ്പറമ്പ്: മദ്യം പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച കേസിലെ രണ്ടുപ്രതികളെ കോടതി മൂന്നുവര്‍ഷവും ഒരുമാസവും തടവിനും 35,800 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. കളനാട് കൈനോത്തെ ഡി ഉദയകുമാര്‍, ബന്ധുവായ ഡി.കെ അജിത്ത് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് അസി. സെഷന്‍സ് കോടതി ശിക്ഷിച്ചത്. രണ്ട് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു.

പിഴ തുകയില്‍ നിന്ന് 25,000 രൂപ വീതം അക്രമിക്കപ്പെട്ട എക് സൈസ് ഉദ്യോഗസ്ഥരായ ബിജോയ്, പ്രദീപന്‍ എന്നിവര്‍ക്ക് നല്‍കാനും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറുമാസവും 15 ദിവസവും പ്രതികള്‍ അധികതടവനുഭവിക്കണം. 2022 മെയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം.

പ്രതികള്‍ കൈനോത്തെ വീടിന് സമീപം ഇരുചക്രവാഹനത്തില്‍ മദ്യവില്‍പ്പന നടത്തുന്നുവെന്ന വിവരമറിഞ്ഞാണ് എക്സൈസ് സംഘമെത്തിയത്. വീട്ടിലെ പട്ടിയെ അഴിച്ചുവിട്ട് എക് സൈസ് ഉദ്യോഗസ്ഥരെ കടിപ്പിക്കുകയും കല്ലുകൊണ്ട് ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.

ബിജോയിക്ക് കല്ലുകൊണ്ടുള്ള അടിയേറ്റ് തലക്ക് സാരമായി പരിക്കേറ്റിരുന്നു. മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ എസ്.ഐ സി.വി രാമചന്ദ്രനാണ് അന്വേഷണം നടത്തിയത്.

Related Articles
Next Story
Share it