കാസര്‍കോട്: പരിശുദ്ധ റമദാന് മാസത്തില്‍ ജനറല്‍ ആസ്പത്രിയില്‍ എത്തുന്നവര്‍ക്ക് നോമ്പ് തുറയും അത്താഴവും ഒരുക്കി കാസര്‍കോട് സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനം മാതൃകയായി. ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെയാണ് റമദാനിലെ ഒരു മാസം മുഴുവന്‍ ഇത്തരമൊരു നന്മ പ്രവര്‍ത്തനത്തിന് ഒരുകൂട്ടം ചെറുപ്പക്കാര്‍ മുന്നിട്ടിറങ്ങിയത്.
ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നോമ്പ് തുറക്കുള്ള വിഭവങ്ങളും രാത്രി ഭക്ഷണവും നല്‍കുന്നതിന് വേണ്ടിയാണ് കാസര്‍കോട് സി.എച്ച് സെന്ററിന്റെ നേതൃത്വത്തില്‍ ആസ്പത്രി കോമ്പൗണ്ടില്‍ റമദാന് ഒന്ന് മുതല്‍ നോമ്പുതുറ കൗണ്ടര്‍ തുടങ്ങിയത്. ആസ്പത്രിയിലെത്തുന്നവര്ക്ക് ഇത് വലിയ ആശ്വാസമായിരുന്നു.
ഒരോ ദിവസവും മൂന്നൂറോളം ആളുകള്‍ നോമ്പ് തുറക്കാനും നൂറിനടുത്ത് ആളുകള്‍ അത്താഴം കഴിക്കാനും എത്തി.
എല്ലാവര്ക്കും ഭക്ഷണം നല്‍കുന്നതിന് ആവശ്യമായ സംവിധാനം ഉണ്ടാക്കുകയും കൃത്യമായി വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. ഈത്തപ്പഴം, ജ്യൂസ്, റമദാന് കഞ്ഞി, ഫ്രൂട്ട്സ്, സമൂസ, പഴം, വിവിധതരം അപ്പങ്ങള്‍, ചായ എന്നിവയാണ് നോമ്പുതുറ സമയത്ത് നല്‍കുന്നത്. ചപ്പാത്തി, പൊറോട്ട, പത്തിരി, ബിരിയാണി, കറികള്‍ തുടങ്ങിയ വിഭവങ്ങള്‍ അത്താഴം കഴിക്കാനും വിവിധ ദിവസങ്ങളില്‍ നല്‍കുന്നുണ്ട്. വൈകിട്ട് അഞ്ചര മണി മുതലാണ് നോമ്പുതുറ കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.
കെ.എം.സി.സി മണ്ഡലം കമ്മിറ്റിയെ കൂടാതെ മനുഷ്യ സ്നേഹികളായ പലരും ഇതിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുന്നുണ്ട്.
സി.എച്ച് സെന്റര്‍ കോഡിനേറ്റര്‍ അഷ്റഫ് എടനീരിന്റെയും പൊതുപ്രവര്ത്തകന് മാഹിന്‍ കുന്നിലിന്റെയും നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തകരും ആസ്പത്രിയിലെ ജീവനക്കാരും അടങ്ങുന്ന ഒരു സംഘമാണ് ദിവസവും ഈ നന്മ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.