പ്രദേശത്തിന്റെയും വ്യക്തിയുടെയും നാമങ്ങള്‍
മറ്റേതു ഭാഷയിലും ഉദ്ഭവഭാഷയിലെ അതേരൂപത്തില്‍
കൊടുക്കണമെന്നത് ആധുനിക ഭാഷാശാസ്ത്രത്തിന്റെ
താല്‍പര്യം മാത്രമല്ല, സാമാന്യനീതിയുമതാണ്.
പക്ഷേ കാസര്‍കോടിന്റെ കാര്യത്തില്‍ ഇപ്പോഴും
ഐകരൂപ്യമുണ്ടായിക്കഴിഞ്ഞിട്ടില്ലെന്നതാണ് പ്രശ്‌നം.
പ്രമുഖ പത്രപ്രവര്‍ത്തകനായ റഹ്മാന്‍ തായലങ്ങാടി ഏഴെട്ടുവര്‍ഷം മുമ്പ് ഫെയ്‌സ്ബുക്കില്‍ ഉച്ചത്തില്‍ ഒരു ചോദ്യമുയര്‍ത്തി. എന്റെ നാടിന്റെ പേരെന്താണ്-കാസര്‍കോടാണോ, കാസറഗോഡാണോ എന്നൊക്കെയായിരുന്നു ആ ചോദ്യം. നിരൂപകനായ ഇ.പി. രാജഗോപാലന്‍ മൂന്നുവര്‍ഷം മുമ്പ് ഇതേ പ്രശ്‌നം ഒരു സായാഹ്ന നടത്തത്തിനിടയില്‍ മനസ്സിലെത്തിയ ചോദ്യമെന്നനിലയില്‍ പൊതുവിടത്തില്‍ ചോദ്യോത്തരമായി എടുത്തിട്ടു. രണ്ട് പതിറ്റാണ്ടിലേറെ മുമ്പ് കേരളപര്യടനം എന്ന പരമ്പരയെഴുത്തുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെത്തിയപ്പോള്‍ ഈ ലേഖകന്റെ മനസ്സിലും ഉയര്‍ന്നതാണ് ഈ ചോദ്യം. അന്ന് കാസര്‍കോടിനെക്കുറിച്ചുള്ള ലേഖനത്തിന്റെ തലക്കെട്ടായി ഞാന്‍ നല്‍കിയത് ‘കാഞ്ഞിര’യാണ്.
പ്രദേശത്തിന്റെയും വ്യക്തിയുടെയും നാമങ്ങള്‍ മറ്റേതു ഭാഷയിലും ഉദ്ഭവഭാഷയിലെ അതേരൂപത്തില്‍ കൊടുക്കണമെന്നത് ആധുനികഭാഷാശാസ്ത്രത്തിന്റെ താല്‍പര്യം മാത്രമല്ല, സാമാന്യനീതിയുമതാണ്. പക്ഷേ കാസര്‍കോടിന്റെ കാര്യത്തില്‍ ഇപ്പോഴും ഐകരൂപ്യമുണ്ടായിക്കഴിഞ്ഞിട്ടില്ലെന്നതാണ് പ്രശ്‌നം.
തിരുവനന്തപുരം ജില്ല അടുത്തകാലംവരെ ട്രിവാന്‍ഡ്രം ആയാണ് ഇംഗ്ലീഷില്‍ എഴുതിപ്പോന്നത്. ആലപ്പുഴ ആലപ്പിയായിരുന്നു. കൊല്ലം ക്വയിലോണ്‍ ആയിരുന്നു. തൃശൂര്‍ ട്രിച്ചൂര്‍ ആയിരുന്നു. കോഴിക്കോട് കാലിക്കറ്റും കണ്ണൂര്‍ കാനന്നൂരും പാലക്കാട് പാല്‍ഘാട്ടും ആയിരുന്നു. എന്തിനധികം ഈയടുത്തുവരെ കേരളം വെറും കേരളയായിരുന്നു! ഇതിലെല്ലാം ശരിയായ തീരുമാനമെടുത്ത കേരള സര്‍ക്കാര്‍ കാസറഗോഡിനെയെന്തുകൊണ്ടാണ് ഇംഗ്ലീഷെഴുത്തിലും കാസര്‍കോടാക്കാന്‍ വൈകുന്നത്.
കാസര്‍കോട് എന്ന സ്ഥലനാമത്തിന്റെ ഉല്‍പത്തിയെക്കുറിച്ച് പലപ്പോഴായി ചര്‍ച്ച നടന്നിട്ടുള്ളതാണ്. മലയാളത്തിലെ കാഞ്ഞിരം, കന്നടയിലെ കാസറകം- ഇതിനോടൊപ്പം കോടുംകൂടി ചേര്‍ന്നാല്‍ കാസര്‍കോട് ആയി. പഴയകാലത്ത് ദക്ഷിണ കനറയുടെ ഭാഗമായ കാസര്‍കോട്ടെ മലയാളികള്‍ കാഞ്ഞിര എന്നാണ് നാടിനെ വിളിച്ചത്.
കന്നഡക്കാര്‍ കാസറ എന്നും. പിന്നെപ്പിന്നെ അത് കാസ്രോട് എന്ന പൊതുവായ വിളിയിലെത്തിക്കാണും. മരങ്ങളുടെയും ചെടികളുടെയും പേരില്‍ നിന്നാണ് പല സ്ഥലനാമങ്ങളുമുണ്ടായിട്ടുള്ളത്. തിരുവനന്തപുരത്തെ പ്ലാമൂടും, പുളിമൂടും വഴുതക്കാടും കൈതമുക്കും നമ്മുടെ നാട്ടിലെ കാഞ്ഞിരടുക്കവും കാഞ്ഞിരപ്പൊയിലും പുല്ലൂരും മുണ്ടക്കയവും വേങ്ങാടും ആലക്കോടും പനയാലും പനത്തടിയും… അങ്ങനെയങ്ങനെ…
കോട് എന്നാല്‍ പ്രദേശം എന്ന അര്‍ഥത്തിലാണ് മലയാളത്തില്‍ പൊതുവെ ഉപയോഗിക്കുന്നത്. കോഴിക്കോടും പാപ്പനംകോടും പില്‌ക്കോടും ക്ലായിക്കോടും… തിരുവനന്തപുരം പണ്ട് ശ്രീവാഴുംകോടായിരുന്നു- അതായത് ശ്രീ- സമൃദ്ധിയുള്ള നാട്. അതിലെ ശ്രീ ദ്രാവിഡഭാഷയിലേക്കെത്തിയപ്പോള്‍ തിരു എന്നായി. തിരുവിതാംകോടും തിരുവിതാംകൂറുമെല്ലാമായി അത് പരിണമിച്ചു.
കാസര്‍കോടിനെ കാസര്‍ക്കോടായി ക ഇരട്ടിപ്പിച്ചാണ് വലിയൊരു ഭാഗമാളുമകള്‍ ഉച്ചരിക്കുന്നതും എഴുതുന്നതും. ചില്ലക്ഷരത്തിന് ശേഷം കചതപങ്ങള്‍ വന്നാല്‍ ഇരട്ടിക്കുമെന്നത് പൊതുവേ അംഗീകരിച്ച വ്യാകരണനിയമമാണ്. എന്നാല്‍ അംഗീകൃതമായ ഉച്ചാരണത്തേക്കാള്‍ വലിയ വ്യാകരണനിയമമൊന്നുമില്ല. ക ഇരട്ടിക്കുന്നില്ലെങ്കിലും ഉച്ചാരണത്തില്‍ ആവശ്യക്കാര്‍ക്ക് ഇരട്ടിപ്പിക്കാം- അതായത് കടുപ്പിച്ചുപറയാം.
റെയില്‍വേ സ്റ്റേഷനിലെ ബോര്‍ഡുകളില്‍ കാസര്‍ക്കോട് എന്നാണുള്ളത്. ഇംഗ്ലീഷില്‍ kasaragod എന്നും. റെയില്‍വേ ടിക്കറ്റുകളില്‍ മലയാളത്തിലും കാസര്‍ഗോഡ് എന്നാണ് അടിക്കുന്നത്.
ക ഇരട്ടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം സാങ്കേതികം മാത്രമായി അവിടെ നില്‍ക്കട്ടെ.
മലയാളത്തില്‍ നാട്ടുകാരും സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും പത്രങ്ങളും കാസര്‍കോട് എന്ന് അംഗീകരിച്ചതാണ്. അത് അതേപടി ഇംഗ്ലീഷില്‍ വരുമ്പോള്‍ kasarkot എന്നാണല്ലോ വേണ്ടത്. പക്ഷേ കാസര്‍ കഴിഞ്ഞ ശേഷം ഒരു A വരുന്നു. കോട് ഇംഗ്ലീഷാകുമ്പോള്‍ രണ്ടാണ് മാറ്റം- ക ഗ എന്ന മൃദു അക്ഷരമാകുന്നു. ട എന്നത് ഡ എന്ന മൃദു അക്ഷരമാകുന്നു. ഉച്ചാരണത്തില്‍ അത് കുഴപ്പമില്ലെങ്കിലും ഇംഗ്ലീഷില്‍ വലിയ അര്‍ഥവ്യത്യാസം സംഭവിക്കുന്നു. തെറ്റിദ്ധാരണയ്ക്കിടയാക്കുന്നു. അതൊരു ദൈവനാമമാണെന്നുവരെ വിശ്വസിക്കുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യാം.
ചരിത്രത്തില്‍ അങ്ങനെയൊരു തെറ്റുവരുക അസംഭവ്യമല്ലെന്ന് വ്യക്തമാണല്ലോ. അതിനേക്കാളെല്ലാം ഉപരി ജില്ലയുടെയും നഗരസഭയുടെയും നഗരത്തിന്റെയും പേരില്‍ ഐകരൂപ്യമില്ലാത്തത് പലവിധത്തിലുള്ള സാങ്കേതികപ്രശ്‌നങ്ങള്‍ക്കുമിടയാക്കില്ലേ/.. അധികൃതര്‍ എന്തുകൊണ്ടാണിതില്‍ ഇടപെടാത്തത്. ഇക്കാര്യത്തില്‍ വിശാലമായ പൊതുചര്‍ച്ച നടക്കട്ടെ.
ഈ വിഷയത്തില്‍ വായനക്കാര്‍ക്കും
അഭിപ്രായം രേഖപ്പെടുത്താം. പ്രസക്തമായ കുറിപ്പുകള്‍ പ്രസിദ്ധപ്പെടുത്തും -എഡിറ്റര്‍
ഇ-മെയില്‍: utharadesam@yahoo.co.in
-കെ. ബാലകൃഷ്ണന്‍