ഗതാഗത നിയമങ്ങള്‍ ലംഘിച്ച് സ്‌കൂട്ടറില്‍ 5 പേര്‍ സഞ്ചരിക്കുന്ന വീഡിയോ വൈറല്‍; പിന്നാലെ ഉയര്‍ന്നത് വ്യാപക വിമര്‍ശനങ്ങള്‍
ഇത്തരം നിയമലംഘകര്‍ക്കെതിരെ പൊലീസ് അടിയന്തര നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി പൊതുജനങ്ങള്‍ രംഗത്ത്

ഉഡുപ്പി: ഗതാഗത നിയമങ്ങള്‍ ലംഘിച്ച് അഞ്ച് പേര്‍ ഒരു സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ വൈറല്‍. പിന്നാലെ ഉയര്‍ന്നത് വ്യാപകമായ പൊതുജന പ്രതിഷേധം. എവിടെയാണ് സംഭവം നടന്നതെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നില്ലെങ്കിലും മണിപ്പാല്‍ പ്രദേശത്താണ് സംഭവം നടന്നതെന്നാണ് വിവരം.
വീഡിയോയില്‍, അഞ്ച് പേര്‍ അപകടകരമായ രീതിയില്‍ സ്‌കൂട്ടര്‍ സഞ്ചരിക്കുന്നത് കാണാം. ഇവര്‍ വിദ്യാര്‍ഥികളാണെന്നാണ് വിവരം. റോഡ് സുരക്ഷയെയും നിയമപാലകരെയും കുറിച്ചുള്ള ആശങ്കയാണ് ഇത് കാണിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ മണിപ്പാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ആരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
'വിദ്യാര്‍ത്ഥികള്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ അവര്‍ ശിക്ഷിക്കപ്പെടില്ലേ? പൊലീസ് നടപടിയെടുക്കില്ലേ? ഗതാഗത നിയമങ്ങള്‍ ഇനി ബാധകമല്ലേ?' എന്നുള്ള ചോദ്യങ്ങളാണ് ഇതോടെ പൊതുജനങ്ങളുടെ ഭാഗത്തുനിന്നും ഉയര്‍ന്നിരിക്കുന്നത്.
ഉഡുപ്പി-മണിപ്പാല്‍ റോഡില്‍ വര്‍ദ്ധിച്ചുവരുന്ന അപകടങ്ങളില്‍ നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിക്കുകയും ഗതാഗത നിയമങ്ങള്‍ ലംഘിച്ച് പൊതുജന സുരക്ഷയെ അപകടത്തിലാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം നിയമലംഘകര്‍ക്കെതിരെ പൊലീസ് അടിയന്തര നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിക്കുന്നു.