മയക്കുമരുന്ന് വില്‍പ്പന; മെഡിക്കല്‍ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

പ്രതികളില്‍ നിന്നും വില്‍പനയ്ക്കായി വച്ചിരുന്ന കഞ്ചാവും പണവും കണ്ടെടുത്തു

ഉള്ളാള്‍: മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഇക്കഴിഞ്ഞ ഞായറാഴ്ച കൊട്ടെക്കര്‍ ഗ്രാമത്തിലെ ബാഗംബില ഗ്രൗണ്ടിലും പെര്‍മന്നൂര്‍ ഗ്രാമത്തിലെ ഗാണ്ടിയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് വ്യത്യസ്ത മയക്കുമരുന്ന് വില്‍പ്പന കേസുകളിലാണ് ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേരെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും 59,300 രൂപ വിലമതിക്കുന്ന 1.511 കിലോഗ്രാം കഞ്ചാവും രണ്ട് തൂക്ക തുലാസുകളും രണ്ട് മൊബൈല്‍ ഫോണുകളും നിയമവിരുദ്ധ വ്യാപാരത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന ഒരു സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തു.

പ്രതികളില്‍ ഒരാളായ മഹാരാഷ്ട്രയിലെ ധൂലെ നിവാസിയും ഒരു സ്വകാര്യ ആയുര്‍വേദ കോളേജിലെ ബിഎഎംഎസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് നിഗാരീസ് (22) നാട്ടില്‍ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് ഇവിടെ വില്‍പന നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മറ്റൊരു കേസില്‍, ഡ്രൈവറായും പെയിന്ററായും ജോലി ചെയ്യുന്ന നടേക്കല്‍ ഉറുമെ സ്വദേശിയായ അബ്ദുള്‍ ഷക്കീബ് എന്ന ഷാക്കി (22), പെര്‍മന്നൂര്‍ ഗാന്ധി സ്വദേശിയായ സാബിര്‍ അഹമ്മദ് (24) എന്നിവരെ ഗാന്ധി പ്രദേശത്ത് കഞ്ചാവ് വില്‍പ്പന നടത്തിയതിന് അറസ്റ്റ് ചെയ്തു. ബി.സി. റോഡിലെ ഫാബീന്‍ എന്നയാളില്‍ നിന്നാണ് ഷക്കീബ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് ആരോപണം. ഇരുവരില്‍ നിന്നും 420 ഗ്രാം കഞ്ചാവും 6,000 രൂപയും പൊലീസ് പിടിച്ചെടുത്തു.

ഉള്ളാള്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിരൂപാക്ഷ സ്വാമിയുടെ മേല്‍നോട്ടത്തിലും സബ് ഇന്‍സ്‌പെക്ടര്‍ സിദ്ധപ്പ നര്‍നൂറിന്റെ നേതൃത്വത്തിലുമാണ് ഓപ്പറേഷന്‍ നടന്നത്.

Related Articles
Next Story
Share it