വ്യാജബലാത്സംഗ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി അഭിഭാഷകനില്‍ നിന്നും പണം തട്ടിയെടുത്തു; 2 പേര്‍ക്കെതിരെ കേസ്

നിയമപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന വ്യാജേന ഓഫീസിലെത്തിയ പ്രതികള്‍ അഭിഭാഷകന്റെ ഫോണ്‍ നമ്പര്‍ വാങ്ങി ഭീഷണിപ്പെടുത്തുകയായിരുന്നു

മംഗളൂരു: ഗ്രാഫിക്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജബലാത്സംഗ പരാതി നല്‍കുമെന്ന് പറഞ്ഞ് അഭിഭാഷകനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന പരാതിയില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കുന്താപുരം കോടതിയുടെ അധികാര പരിധിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്‍ നീല്‍ ബ്രയാന്‍ പെരേരയുടെ പരാതിയില്‍ ദേവേന്ദ്ര സുവര്‍ണ്ണ, മൂകാംബിക എന്നിവര്‍ക്കെതിരെയാണ് കേസ്. 2023 ജനുവരിയില്‍ ദേവേന്ദ്ര സുവര്‍ണ്ണ മൂകാംബികക്കൊപ്പം നീലിന്റെ ഓഫീസിലെത്തിയിരുന്നു. നിയമപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന വ്യാജേനയാണ് ദേവേന്ദ്ര സുവര്‍ണ്ണ മൂകാംബികയെ ഓഫീസിലേക്ക് കൊണ്ടുവന്നത്. ഇതിനിടെ കേസിനെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മൂകാംബിക നീലിന്റെ മൊബൈല്‍ നമ്പര്‍ വാങ്ങി.

തുടര്‍ന്ന്, ദേവേന്ദ്രയും മൂകാംബികയും നീലിനോട് 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു. 'ഗ്രാഫിക്സ് സാങ്കേതികവിദ്യ' ഉപയോഗിച്ച് ബലാത്സംഗ പരാതി നല്‍കുമെന്നും അനുസരിച്ചില്ലെങ്കില്‍ സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുമെന്നും അവര്‍ അഭിഭാഷകനെ ഭീഷണിപ്പെടുത്തി. നിരവധി തവണ ഭീഷണിപ്പെടുത്തിയതോടെ അഭിഭാഷകന്‍ കോട്ട പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു.

Related Articles
Next Story
Share it