ഉഡുപ്പി ശ്രീകൃഷ്ണ മഠം രഥവീഥിയില്‍ വിവാഹത്തിന് മുമ്പും ശേഷവുമുള്ള ഫോട്ടോഷൂട്ടുകള്‍ക്ക് നിരോധനം

ഫോട്ടോഷൂട്ടുകളില്‍ ഏര്‍പ്പെടുന്ന ദമ്പതികളുടെ സാന്നിധ്യം ഇവിടുത്തെ പവിത്രമായ അന്തരീക്ഷത്തിന് തടസ്സമാകുമെന്നതാണ് അധികൃതരെ ഇത്തരമൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.

ഉഡുപ്പി: ശ്രീകൃഷ്ണ മഠം രഥവീഥി പരിസരത്ത് വിവാഹത്തിന് മുമ്പും ശേഷവുമുള്ള ഫോട്ടോഷൂട്ടുകള്‍ നിരോധിച്ചു. പര്യായ പുട്ടിഗെ മഠം ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. അതിരാവിലെ ക്ഷേത്രപരിസരത്ത് സ്വാമിജിമാരുടെ സാന്നിധ്യം ഉണ്ടാകുന്ന അവസരത്തില്‍ ഇത്തരം ഫോട്ടോഷൂട്ടുകള്‍ അസ്വസ്ഥമായ സാഹചര്യങ്ങള്‍ ഉണ്ടാക്കുമെന്നും ഇത് തടയുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി.

കൃഷ്ണമഠത്തിലെ രഥവീഥി പരമ്പരാഗത പൈതൃകങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്. സമീപകാലത്ത്, ഇവിടെ വിവാഹത്തിന് മുമ്പും ശേഷവുമുള്ള ഫോട്ടോഷൂട്ടുകളുടെ മറവില്‍ നിരവധി മോശം സാഹചര്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും ഒരുപാട് പേര്‍ ഇവിടെ ഫോട്ടോഷൂട്ടുകള്‍ക്കായി എത്താറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദമ്പതികള്‍ അടുത്തിടപെടുന്നതും പതിവാണ്.

നൂറ്റാണ്ടുകളായി അഷ്ട മഠങ്ങളിലെ മഠാധിപതിമാരും ഭക്തരും നടന്ന് വരുന്ന ആദരണീയ പാതയാണ് രഥവീഥി. ഇതിന് മതപരമായി വലിയ പ്രാധാന്യമുണ്ട്. ഇവിടെ ദിവസേന പൂജകളും ഉത്സവങ്ങളും നടക്കുന്നു. അതുകൊണ്ടുതന്നെ ഫോട്ടോഷൂട്ടുകളില്‍ ഏര്‍പ്പെടുന്ന ദമ്പതികളുടെ സാന്നിധ്യം ഇവിടുത്തെ പവിത്രമായ അന്തരീക്ഷത്തിന് തടസ്സമാകുമെന്നതാണ് അധികൃതരെ ഇത്തരമൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്. രഥവീഥിയുടെ പവിത്രതയും മതപരമായ ചൈതന്യവും സംരക്ഷിക്കുന്നതിന് വേണ്ടി കര്‍ശന നടപടികള്‍ ആവശ്യമാണെന്നും ക്ഷേത്ര ഭരണകൂടം അറിയിച്ചു.

Related Articles
Next Story
Share it