DEATH | ബൈക്ക് അപകടത്തില്‍ മകന്‍ മരിച്ചതിന് പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് അമ്മയും മരിച്ചു

ഉഡുപ്പി: ബൈക്ക് അപകടത്തില്‍ മകന്‍ മരിച്ചതിന് പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് അമ്മയും മരിച്ചു. ബുധനാഴ്ച ഷിര്‍വയിലെ കൊല്ലബെട്ടുവിന് സമീപമാണ് ദാരുണമായ സംഭവം നടന്നത്. മകന്റെ മരണവാര്‍ത്ത കേട്ട് കോമയിലായ അമ്മ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ശിര്‍വയിലെ കൊല്ലബെട്ടുവില്‍ താമസിക്കുന്ന രമേശ് മൂല്യ (51) ആണ് ബൈക്ക് അപകടത്തില്‍ മരിച്ചത്. മകന്റെ മരണത്തെ തുടര്‍ന്ന് അമ്മ ഇന്ദിര മൂല്യ (74) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. രമേഷിന് ഭാര്യയും മൂന്ന് പെണ്‍മക്കളുമുണ്ട്.
ബന്തക്കലില്‍ നിന്ന് പാമ്പൂര്‍ വഴി ബിസി റോഡിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് വന്ന കാര്‍ പാമ്പൂരിന് സമീപം രമേശ് സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രമേശിനെ ആദ്യം ഉഡുപ്പി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്, വിദഗ്ധ ചികിത്സയ്ക്കായി മണിപ്പാലിലെ കെഎംസി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച രാത്രി മരണം സംഭവിച്ചു.
രമേഷിന്റെ മൃതദേഹം ചൊവ്വാഴ്ച ഷിര്‍വയിലെ കൊല്ലബെട്ടുവിലുള്ള വീട്ടിലേക്ക് അന്ത്യകര്‍മങ്ങള്‍ക്കായി കൊണ്ടുവന്നു. മകന്റെ പെട്ടെന്നുള്ള മരണവാര്‍ത്ത കേട്ടയുടനെ ഇന്ദിര മൂല്യ കടുത്ത ആഘാതത്തില്‍ കോമയിലേക്ക് വഴുതി വീണു. ഉടന്‍ തന്നെ ഉഡുപ്പി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെയോടെ മരണം സംഭവിച്ചു.
മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവിച്ച അമ്മയുടേയും മകന്റേയും വേര്‍പാടില്‍ വിറങ്ങലിച്ചിരിക്കുകയാണ് ബന്ധുക്കളും പ്രദേശവാസികളും.