വിനോദയാത്രയ്ക്കായി കര്‍ണാടകയിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ പാറക്കെട്ടില്‍ നിന്നും കാല്‍വഴുതി കടലില്‍ വീണ് മുങ്ങിമരിച്ചു
ട്രിച്ചി എസ്.ആര്‍.എം മെഡിക്കല്‍ കോളജിലെ അവസാനവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനികളായ ഇന്ദുജ നടരാജന്‍, കനിമൊഴി ഈശ്വരന്‍ എന്നിവരാണ് മരിച്ചത്.

മംഗളൂരു: വിനോദയാത്രയ്ക്കായി കര്‍ണാടകയിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ പാറക്കെട്ടില്‍ നിന്നും കാല്‍വഴുതി കടലില്‍ വീണ് മുങ്ങിമരിച്ചു. തമിഴ് നാട്ടില്‍ നിന്നുമെത്തിയ വിനോദയാത്രാ സംഘത്തിലെ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥിനികളാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ട്രിച്ചി എസ്.ആര്‍.എം മെഡിക്കല്‍ കോളജിലെ അവസാനവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനികളായ ഇന്ദുജ നടരാജന്‍(23), കനിമൊഴി ഈശ്വരന്‍(23) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞദിവസം വൈകിട്ട് ഗോകര്‍ണത്തെ കുഡെ ലെ കടല്‍ക്കരയിലെ ജഡായു തീര്‍ഥയില്‍ സൂര്യാസ്തമയം കാണുന്നതിനിടെയാണ് അപകടം. അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞ് 23 വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സംഘം കര്‍ണാടകയില്‍ വിനോദയാത്രയ്ക്കിറങ്ങിയതായിരുന്നു.
ഉത്തര കന്നടയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വൈകിട്ടോടെ ഗോകര്‍ണയിലെ പ്രസിദ്ധമായ സൂര്യാസ്തമയം കാണാനെത്തി. തുടര്‍ന്ന് കടല്‍ത്തീരത്തെ ആഴമുള്ള ഭാഗത്തെ പ്രദേശത്തെ പാറക്കെട്ടുകള്‍ക്ക് മുകളില്‍ കയറിയപ്പോള്‍ അബദ്ധത്തില്‍ കാല്‍തെന്നി കടലിലേക്ക് വീഴുകയായിരുന്നു.
ഇതുകാണാനിടയായ പ്രദേശവാസിയായ മണിരാജു എന്നയാള്‍ ഇരുവരേയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹവും തിരയില്‍പെട്ടു. ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ ബോട്ടിറക്കി കടലില്‍ നടത്തിയ തിരച്ചിലില്‍ മൂന്നുപേരെയും കണ്ടെത്തി കരയ്‌ക്കെത്തിച്ചെങ്കിലും അപ്പോഴേക്കും വിദ്യാര്‍ഥിനികള്‍ മരിച്ചിരുന്നു.
മൃതദേഹങ്ങള്‍ കാര്‍വാര്‍ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവവുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് ഗൈഡ് തമിഴ് നാട് ധര്‍മ്മപുരിയിലെ ഗാന്ധി ശിവകുമാര്‍(23), ടൂര്‍ ഏജന്‍സി ഉടമ വെടി സെല്‍വന്‍(29) എന്നിവര്‍ക്കെതിരെ ഗോകര്‍ണ പൊലീസ് കേസെടുത്തു.