ബ്രഹ്‌മാവറില്‍ വയോധികയെ ആക്രമിച്ച് സ്വര്‍ണ്ണ മാല തട്ടിപ്പറിച്ചെടുത്ത കേസ്; മൂന്ന് അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ അറസ്റ്റില്‍
മോഷണം നടത്താനുപയോഗിച്ച കാറും കസ്റ്റഡിയില്‍

ബ്രഹ്‌മവാര്‍: നഗരത്തില്‍ സ്ത്രീയെ ആക്രമിച്ച് സ്വര്‍ണ്ണമാല തട്ടിപ്പറിച്ചെടുത്തുവെന്ന കേസില്‍ മൂന്ന് അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ അറസ്റ്റില്‍. മാല മോഷ്ടിക്കാന്‍ വേണ്ടി സംഘമെത്തിയ 10 ലക്ഷം രൂപ വിലമതിക്കുന്ന കാറും ബ്രഹ്‌മാവര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
വടക്കന്‍ ഗോവയിലെ പോര്‍വോറിമില്‍ നിന്നുള്ള ഗൗരിഷ് രോഹിദാസ് കെര്‍ക്കര്‍ (37), വിജയപുര ജില്ലയിലെ സിന്ദഗി താലൂക്കില്‍ നിന്നുള്ള മൈനുദ്ദീന്‍ ബാഗല്‍കോട്ട് (31), മഹാരാഷ്ട്ര മുംബൈയിലെ വൈല്‍ പാര്‍ലെ (പടിഞ്ഞാറ്) സ്വദേശി സുര്‍ജിത് ഗൗതം ഖാര്‍ (27) എന്നിവരാണ് അറസ്റ്റിലായത്.
ബ്രഹ്‌മാവര്‍ താലൂക്കിലെ വാറമ്പള്ളി ഗ്രാമത്തിലെ ആദര്‍ശ് നഗറില്‍ ശനിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പദ്മ (70) എന്ന വയോധികയാണ് പരാതിക്കാരി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഏപ്രില്‍ 26 ന് രാവിലെ വീടിന് പുറത്തുള്ള കോണ്‍ക്രീറ്റ് റോഡില്‍ പൂക്കള്‍ പറിക്കുകയായിരുന്നു പദ്മ. ഇതിനിടെ ഒരു വെളുത്ത കാര്‍ അടുത്തേക്ക് വരികയും തുടര്‍ന്ന് കാറില്‍ നിന്നും ഓറഞ്ച് നിറത്തിലുള്ള ടീ-ഷര്‍ട്ട് ധരിച്ച ഒരാള്‍ ഇറങ്ങി വരികയും ചെയ്തു. കാറില്‍ മറ്റ് 2-3 പേര്‍ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ പുറത്തിറങ്ങിയില്ല.
പൂക്കള്‍ പറിച്ചെടുക്കുന്നതിനിടയില്‍, പിന്നില്‍ നിന്ന് ഒരു ശബ്ദം കേട്ട് പദ് മ തിരിഞ്ഞുനോക്കുമ്പോള്‍, കാറില്‍ നിന്ന് ഇറങ്ങിയ ആള്‍ അടുത്തേക്ക് വന്ന് വയോധികയുടെ തലയുടെ പിന്നില്‍ ബലമായി അടിച്ചു. ഇതോടെ അവര്‍ റോഡിലേക്ക് വീണു. തുടര്‍ന്ന് അയാള്‍ അവരുടെ കൈ പിടിച്ചു റോഡിലൂടെ വലിച്ചിഴക്കുകയും മുഖത്തും മേല്‍ച്ചുണ്ടിലും ആക്രമിക്കുകയും ചെയ്തു. അതിനുശേഷം കഴുത്തില്‍ നിന്ന് ഏകദേശം 40 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണമാല ബലം പ്രയോഗിച്ച് പറിച്ചെടുത്തു. തുടര്‍ന്ന് മാലയുമായി നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറി കടന്നുകളഞ്ഞു.
ആക്രമണത്തിന്റെ ഫലമായി, വയോധികയുടെ മേല്‍ച്ചുണ്ടിന് സമീപത്തും വലതു കണ്ണിനു താഴെയും രക്തസ്രാവവും തലയുടെ പിന്‍ഭാഗത്തുണ്ടായ അടിയില്‍ ആന്തരിക വേദനയും അനുഭവപ്പെട്ടു. പദ് മയുടെ പരാതിയില്‍ ബ്രഹ്‌മവര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പെട്ടെന്ന് തന്നെ കണ്ടെത്തുകയും ചെയ്തു.
സി.പി.ഐ ബ്രഹ്‌മവര്‍ ഗോപികൃഷ്ണ കെ ആര്‍, പി.എസ്.ഐ സുദര്‍ശന്‍ ദൊഡ്ഡമണി, പി.എസ്.ഐ മഹാന്തേഷ് ജബഗൗഡ്, പി.എസ്.ഐ പുനീത് ബി.ഇ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. ബ്രഹ്‌മവര്‍ സ്റ്റേഷനിലെ സി.എച്ച്.സി ഇമ്രാന്‍, സി.പി.സി മുഹമ്മദ് അജ്മല്‍, സിപിസി കിരണ്‍ എന്നിവരടങ്ങുന്ന ക്രൈം സ്റ്റാഫ്, കോട്ട സ്റ്റേഷനില്‍ നിന്നുള്ള സി.പി.സി രാഘവേന്ദ്ര, സി.പി.സി വിജയേന്ദ്ര, ഹിരിയഡ്ക സ്റ്റേഷനില്‍ നിന്നുള്ള സി.പി.സി കാര്‍ത്തിക്, സി.പി.സി ഹേമന്ത്, ബ്രഹ്‌മവര്‍ സബ് ഡിവിഷനില്‍ നിന്നുള്ള എ.എസ്.ഐ കൃഷ്ണപ്പ, വിശ്വനാഥ് ഷെട്ടി. സി.പി.ഐ രമേശ് ഹാനാപൂര്‍, പി.എസ്.ഐ യല്ലലിംഗ് കുന്നൂര്‍, സി.എച്ച്.സി മുഹമ്മദ് ഷാഫി എ ഷെയ്ഖ്, സി.പി.സി ഗിരീഷ് ലമാനി, എം.പി.സി ശോഭരവര്‍ എന്നിവരടങ്ങുന്ന യെല്ലാപൂര്‍ പൊലീസ് സംഘത്തിന്റെ സഹകരണത്തോടെ, പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.