പ്രസവാനന്തര രക്തസ്രാവം മൂലം യുവതി മരിച്ചു; ഡോക്ടര്‍മാരുടെ അനാസ്ഥയെന്ന് ബന്ധുക്കള്‍

ഉത്തരവാദികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് സുള്ള്യ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി കുടുംബം.

സുള്ള്യ: പ്രസവാനന്തരം അമിത രക്തസ്രാവം മൂലം യുവതി മരിച്ച സംഭവത്തില്‍ കേസെടുത്ത് സുള്ള്യ പൊലീസ്. ബെല്‍ത്തങ്കടിയിലെ നരവി ഗ്രാമത്തിലെ നുജോഡി മാപാല വീട്ടിലെ ശേഖര്‍ മലേകുഡിയയുടെ ഭാര്യയും സമ്പാജെ ഗ്രാമത്തിലെ ബാബുവിന്റെയും ചിന്നമ്മയുടെയും മകളുമായ മധുര (29) ആണ് മരിച്ചത്.

ആറ് വര്‍ഷം മുമ്പാണ് മധുരയുടെ വിവാഹം. മൂന്നര വയസ്സുള്ള ഒരു മകനുമുണ്ട്. ജൂണ്‍ 2 ന് രണ്ടാമത്തെ പ്രസവത്തിനായി മധുരയെ സുള്ള്യ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ 3 ന് വൈകുന്നേരം 6:45 ന് ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. എന്നാല്‍ രാത്രി 9 മണിയോടെ കടുത്ത രക്തസ്രാവം അനുഭവപ്പെടാന്‍ തുടങ്ങി.

ഇതോടെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മധുരയെ രാത്രി 11:30 ന് മംഗളൂരുവിലെ ലേഡി ഗോഷെന്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ നിലനിര്‍ത്താനുള്ള ഡോക്ടര്‍മാരുടെ എല്ലാ പരിശ്രമങ്ങളും വിഫലമാവുകയും മധുര മരണത്തിന് കീഴടങ്ങുകയുമായിരുന്നു. പുലര്‍ച്ചെ 12:37 ന് ആണ് മരണം സംഭവിച്ചത്.

പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹം കുടുംബത്തിന് കൈമാറിയതോടെ ഡോക്ടര്‍മാരുടെ അനാസ്ഥ ആരോപിച്ച് കുടുംബം രംഗത്തെത്തി. വീട്ടില്‍ അന്ത്യകര്‍മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ, കര്‍ണാടക മലേകുടിയ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീധര്‍ ഈദു ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ സ്ഥലത്തെത്തി വിഷയം ജില്ലാ ആരോഗ്യ, പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി.

അവരുടെ ഇടപെടലിനെത്തുടര്‍ന്ന് ഒടുവില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറി. ഉത്തരവാദികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് കുടുംബം സുള്ള്യ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

Related Articles
Next Story
Share it