സുഹാസ് ഷെട്ടി വധം; മംഗളൂരുവില്‍ നിരോധനാജ്ഞ; വി.എച്ച്.പി ബന്ദ് ആചരിക്കുന്നു

സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മംഗളൂരു: ബജ് പെയില്‍ വി.എച്ച്.പി പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മംഗളൂരുവില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ക്രമസമാധാനം നിലനിര്‍ത്തുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായി വെള്ളിയാഴ്ച രാവിലെ 6 മുതല്‍ മെയ് 6 ന് രാവിലെ 6 വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) മെയ് 2 ന് രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ മംഗളൂരുവില്‍ ബന്ദിന് ആഹ്വാനം ചെയ്തു. മെയ് 5 വരെ ക്രമസമാധാനം നിലനിര്‍ത്താന്‍ ദക്ഷിണ കന്നഡ ജില്ലയിലുടനീളം നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് ഡെപ്യൂട്ടി കമ്മീഷണര്‍ മുല്ലൈ മുഹിലന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും സുരക്ഷാ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ക്രമസമാധാനം) ചുമതലയുള്ള ആര്‍. ഹിതേന്ദ്ര മംഗളൂരുവിലെത്തി. സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ കൂടുതല്‍ സേനയെ വിന്യസിച്ചു.

Related Articles
Next Story
Share it