സുഹാസ് ഷെട്ടി കൊലപാതകം; ബട്ടണ്‍ കഠാരയും കൊലയാളികള്‍ സഞ്ചരിച്ച വാഹനങ്ങളും കണ്ടെടുത്തു; പ്രതികളെ കണ്ടെത്താന്‍ 4 പൊലീസ് സ്‌ക്വാഡുകള്‍

ആക്രമണത്തിന്റെ വീഡിയോകളും സി. സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.

മംഗളൂരു: വി.എച്ച്.പി പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സുഹാസ് ഷെട്ടിയെ മാരകായുധങ്ങള്‍ ഉപയോഗിച്ച് 11 തവണയാണ് കുത്തിയത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളിലൊന്നായ ബട്ടണ്‍ കഠാര പൊലീസ് കണ്ടെടുത്തു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് കൊലയാളികള്‍ ആയുധം ഉപേക്ഷിക്കുകയായിരുന്നു. ഘാതകര്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങളും സുഹാസിന്റെ ഇന്നോവ കാറും പൊലീസ് പിടിച്ചെടുത്തു.

പ്രതികളെ കണ്ടെത്തുന്നതിനായി നാല് പൊലീസ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ആക്രമണത്തിന്റെ വീഡിയോകളും സി. സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. പ്രതികളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. സുഹാസിനെ വധിക്കാനുള്ള പദ്ധതി ഒരു മാസം മുമ്പ് ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമായി.

സുഹാസിനും പൊലീസിനും ഭീഷണിയെക്കുറിച്ച് അറിയാമായിരുന്നു. ഇതേ തുടര്‍ന്നാണ് സുഹാസ് സ്വയംരക്ഷക്കായി കൂട്ടാളികളോടൊപ്പം സഞ്ചരിക്കാന്‍ തുടങ്ങിയത്. പൊലീസ് കൂടുതല്‍ ജാഗ്രത പാലിച്ചിരുന്നെങ്കില്‍ കൊലപാതകം തടയാമായിരുന്നുവെന്നാണ് വി.എച്ച്.പി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ പറയുന്നത്.

അതേസമയം രാത്രിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പൊലീസ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്യാവശ്യമല്ലെങ്കില്‍ ഒറ്റപ്പെട്ട പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നും രാത്രി സമയങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related Articles
Next Story
Share it