സുഹാസ് ഷെട്ടി വധം; ചിക്കമംഗളൂരുവില്‍ വി.എച്ച്.പി ബന്ദ് നടത്തി;ബി.ജെ.പി ജില്ലാ പ്രസിഡണ്ടുള്‍പ്പെടെ 20 പേര്‍ അറസ്റ്റില്‍
ചിക്കമംഗളൂരു നഗരത്തില്‍ ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തി പൊലീസ് 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ചിക്കമംഗളൂരു: സുഹാസ് ഷെട്ടി വധത്തില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്തും ബജ് റംഗ് ദളും അടക്കമുള്ള സംഘടനകള്‍ മെയ് 5 ന് ചിക്കമംഗളൂരുവില്‍ ബന്ദ് നടത്തി. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ഓംകാരേശ്വര ക്ഷേത്രത്തില്‍ നിന്ന് ഹനുമന്തപ്പ സര്‍ക്കിളിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ച ബി.ജെ.പി ജില്ലാ പ്രസിഡന്റ് ദേവരാജ് ഷെട്ടി ഉള്‍പ്പെടെ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബന്ദിനെ തുടര്‍ന്ന് ചിക്കമംഗളൂരു-മംഗളൂരു അതിര്‍ത്തിക്കടുത്തുള്ള മുഡിഗരെ താലൂക്കിലും ഗ്രാമപ്രദേശങ്ങളിലും കടകളും വാണിജ്യ സ്ഥാപനങ്ങളും അടച്ചിരുന്നു. ചിക്കമംഗളൂരു നഗരത്തില്‍ ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തി പൊലീസ് 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉഡുപ്പിയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ സംസാരിച്ച മുന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സുഹാസ് ഷെട്ടി ഒരു കേസിലും ഉള്‍പ്പെട്ടിട്ടില്ല. ആഭ്യന്തരമന്ത്രിയല്ല, കോടതിയാണ് അദ്ദേഹം ഗുണ്ടാസംഘത്തലവന്‍ ആണോയെന്ന് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയതെന്നും നളിന്‍കുമാര്‍ കട്ടീല്‍ കുറ്റപ്പെടുത്തി. കേസ് പൊലീസ് തെറ്റായി കൈകാര്യം ചെയ്തുവെന്നും 'അദൃശ്യ ശക്തികള്‍ക്ക്' കൊലപാതകത്തില്‍ പങ്കുണ്ടെന്നും ഹിന്ദു ജാഗരണ വേദികെ നേതാവ് കെ ടി ഉല്ലാസ് ആരോപിച്ചു.
കൊലപാതകത്തിന് 50 ലക്ഷത്തിലധികം രൂപ ധനസഹായം ലഭിച്ചതായും ബാജ് പെ പൊലീസ് സ്റ്റേഷനിലെ ഒരു ഹെഡ് കോണ്‍സ്റ്റബിളിന് പങ്കുണ്ടെന്ന് സൂചന ലഭിച്ചതായും അദ്ദേഹം ആരോപിച്ചു. കേസില്‍ എന്‍.ഐ.എ അന്വേഷണം വേണമെന്ന് ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും ആവശ്യപ്പെട്ടു.