ധര്‍മ്മസ്ഥല തലയോട്ടി കേസില്‍ അന്വേഷണം ശക്തമാക്കി എസ്.ഐ.ടി; ചിന്നയ്യ ഹോട്ടലില്‍ താമസിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തി
മഹേഷ് ഷെട്ടി തിമറോടിയുടെ വസതിയിലെ താമസം ഉള്‍പ്പെടെ അന്വേഷണ പരിധിയില്‍

ബെല്‍ത്തങ്ങാടി: ധര്‍മ്മസ്ഥല തലയോട്ടി കേസില്‍ പ്രധാന പ്രതി ചിന്നയ്യയുടെ നീക്കങ്ങള്‍ കേന്ദ്രീകരിച്ച് രണ്ടാം ഘട്ട അന്വേഷണം ഊര്‍ജിതമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). അന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരം, ഉജിറില്‍ നിന്ന് ഏകദേശം 1.5 കിലോമീറ്റര്‍ അകലെയുള്ള ഒരു ഹോട്ടലില്‍ എസ്ഐടി സംഘം നടത്തിയ റെയ്ഡില്‍ ചിന്നയ്യയുമായി ബന്ധപ്പെട്ട് ചില പ്രധാനപ്പെട്ട തെളിവുകള്‍ കണ്ടെത്തി.
ആറ് മാസം മുമ്പ് ചിന്നയ്യ ഈ ഹോട്ടലില്‍ താമസിച്ചിരുന്നതിന്റെ തെളിവുകളാണ് കണ്ടെത്തിയത്. ഹോട്ടല്‍ രജിസ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തു. ചിന്നയ്യ ഒരു ദിവസം ഹോട്ടലില്‍ ചെലവഴിച്ചതായും മട്ടന്നവര്‍, ജയന്ത് ടി, വിറ്റല്‍ ഗൗഡ എന്നിവരുമായി ചര്‍ച്ച നടത്തിയതായും കണ്ടെത്തി.
കൂടുതല്‍ അന്വേഷണത്തിനായി ഹോട്ടല്‍ രേഖകള്‍ എസ്.ഐ.ടി സീല്‍ ചെയ്തിട്ടുണ്ട്. കൂടാതെ മഹേഷ് ഷെട്ടി തിമറോടിയുടെ വസതിയിലെ താമസം ഉള്‍പ്പെടെ, ആ കാലയളവിലെ ചിന്നയ്യയുടെ നീക്കങ്ങളെല്ലാം സംഘം അന്വേഷിക്കുന്നുണ്ട്.
മഹേഷ് ഷെട്ടി തിമറോഡി, സഹോദരന്‍ ജയന്ത് ടി എന്നിവരുടെ ബെംഗളൂരുവിലെ വീടുകളില്‍ എസ്.ഐ.ടി ഇതിനകം തന്നെ റെയ്ഡ് നടത്തി നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കേസിന്റെ സമഗ്രമായ ചിത്രം തയ്യാറാക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ എല്ലാ തെളിവുകളും ശേഖരിച്ചുവരികയാണ്.
ചിന്നയ്യയുടെ പൊലീസ് കസ്റ്റഡി സെപ്റ്റംബര്‍ 3 ന് അവസാനിക്കുകയാണ്. അന്ന് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. ഇതുവരെയുള്ള കേസിന്റെ പുരോഗതിയുടെ വിശദാംശങ്ങള്‍ എസ്.ഐ.ടി അവതരിപ്പിക്കുമെന്നും കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളുടെ കസ്റ്റഡി നീട്ടാന്‍ ആവശ്യപ്പെട്ടേക്കാം എന്നും റിപ്പോര്‍ട്ടുണ്ട്.