ധര്‍മ്മസ്ഥല കേസില്‍ ചിന്നയ്യയ്ക്ക് സാമ്പത്തിക സഹായം നല്‍കിയ 11 പേരെ എസ് ഐ ടി ചോദ്യം ചെയ്തു
ചോദ്യം ചെയ്തവരില്‍ മഹേഷ് ഷെട്ടി തിമറോടിയുടെ അനുയായികളും ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍

ബെല്‍ത്തങ്ങാടി: ധര്‍മ്മസ്ഥല കേസുമായി ബന്ധപ്പെട്ട് നിലവില്‍ ജയിലില്‍ കഴിയുന്ന പരാതിക്കാരനായ ചിന്നയ്യയ്ക്ക് സാമ്പത്തിക സഹായം നല്‍കിയ വ്യക്തികളെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു. ചിന്നയ്യയ്ക്ക് പണം കൈമാറിയ 11 പേര്‍ക്ക് നോട്ടീസ് അയച്ചതായി എസ്ഐടി വൃത്തങ്ങള്‍ അറിയിച്ചു.
ഫണ്ട് കൈമാറിയ ആറ് പേരെ ഇതിനകം തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. അവരില്‍ ചിലര്‍ മഹേഷ് ഷെട്ടി തിമറോടിയുടെ അനുയായികളാണെന്നും എസ്ഐടി വ്യക്തമാക്കി. ഏകദേശം 3.5 ലക്ഷം രൂപ ചിന്നയ്യയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ആറ് മാസം മുമ്പ് ഗിരീഷ് മട്ടന്നവറുടെ ഭാര്യയുടെ അക്കൗണ്ടില്‍ നിന്ന് ചിന്നയ്യയുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, കണ്ടെടുത്ത ഏഴ് തലയോട്ടികളും അസ്ഥികൂട അവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട് കേസുകള്‍ ഫയല്‍ ചെയ്യണമോ എന്ന കാര്യത്തില്‍ ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്നും ഒരു തീരുമാനം ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ മജിസ്ട്രേറ്റ് അനുമതി തേടിയിട്ടുണ്ട്.
അതിനിടെ കള്ളസാക്ഷ്യം നല്‍കിയതിന് ശിവമോഗയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ചിന്നയ്യ ചൊവ്വാഴ്ച ബെല്‍ത്തങ്ങാടി കോടതിയില്‍ എത്തി സെക്ഷന്‍ 183 പ്രകാരം മൊഴി രേഖപ്പെടുത്തിയേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എസ്ഐടി അന്വേഷണത്തിനിടെ ഒരു വീട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു, കൂടാതെ തിമറോഡിക്കെതിരെ ആയുധ നിയമപ്രകാരം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ തിമറോഡി ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.