ധര്‍മ്മസ്ഥലയിലെ അസ്വാഭാവിക മരണങ്ങള്‍; അന്വേഷണം ആരംഭിച്ച് എസ്.ഐ.ടി

ഉദ്യോഗസ്ഥരുടെ നീക്കങ്ങളും കൂടിക്കാഴ്ചകളും അന്വേഷണ വിശദാംശങ്ങളും പുറത്തുപോകാതിരിക്കാന്‍ നല്‍കിയിരിക്കുന്നത് കര്‍ശന നിര്‍ദ്ദേശങ്ങള്‍

ബെല്‍ത്തങ്ങാടി: ധര്‍മ്മസ്ഥലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അസ്വാഭാവിക മരണം സംബന്ധിച്ച കേസുകള്‍ അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. ആഭ്യന്തര സുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്. പൊലീസ് റിക്രൂട്ട് മെന്റ് വിഭാഗം ഡിഐജി എം എന്‍ അനുചേത്തും ആഭ്യന്തര സുരക്ഷാ വിഭാഗം എസ്.പി ജിതേന്ദ്ര കുമാര്‍ ദയാമയും സംഘത്തില്‍ ഉള്‍പ്പെടുന്നു. ഇരുവരും വെള്ളിയാഴ്ച മംഗളൂരുവില്‍ രണ്ട് പ്രധാന യോഗങ്ങളില്‍ പങ്കെടുത്തു.

പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമായും ജീവനക്കാരുമായും മംഗളൂരുവിലെ സര്‍ക്യൂട്ട് ഹൗസില്‍ വച്ച് ഇരുവരും ചര്‍ച്ച നടത്തി. പിന്നീട് വൈകുന്നേരം, വെസ്റ്റേണ്‍ റേഞ്ച് ഐജിപി അമിത് സിങ്ങിന്റെ ഓഫീസിലെത്തിയും ചര്‍ച്ച നടത്തി.

എസ്.ഐ.ടിയില്‍ ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരുള്‍പ്പെടെ 20 ഉദ്യോഗസ്ഥരാണുള്ളത്. സര്‍ക്യൂട്ട് ഹൗസില്‍ നടന്ന യോഗത്തില്‍ ഇവരില്‍ 12 പേര്‍ പങ്കെടുത്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എസ്.ഐ.ടിയിലെ എല്ലാ അംഗങ്ങളും അന്വേഷണ പ്രക്രിയയില്‍ സജീവമായി പങ്കെടുക്കുമെന്ന് അനുചേത് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഐജിപി അമിത് സിങ്ങുമായുള്ള കൂടിയാലോചന രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നതായും റിപ്പോര്‍ട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകര്‍ അനുചേതുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും, 'ഇപ്പോള്‍ ഒന്നും പറയാനില്ല' എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.

ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷന് സമീപമുള്ള പൊലീസ് ക്വാര്‍ട്ടേഴ്സിനുള്ളിലെ ഒരു പുതിയ കെട്ടിടത്തിന്റെ രണ്ട് ഗ്രൗണ്ട് ഫ്‌ളോര്‍ മുറികളിലാണ് എസ്.ഐ.ടിയുടെ ഓഫീസ് സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. ജില്ലാ പൊലീസ് സൂപ്രണ്ട് അരുണ്‍ കെയുടെ നിര്‍ദ്ദേശപ്രകാരം, എസ്.ഐ.ടിയുടെ പ്രവര്‍ത്തനം ഇവിടെ നിന്ന് സുഗമമാക്കുന്നതിന് ബെല്‍ത്തങ്ങാടി പൊലീസ് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.

നേരത്തെ, മംഗളൂരു പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലോ, ബെല്‍ത്തങ്ങാടിയിലോ, ധര്‍മ്മസ്ഥലയിലോ എസ്. ഐ. ടി ഓഫീസ് സ്ഥാപിക്കാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനത്തില്‍ നിന്നും പിന്തിരിയുകയായിരുന്നു. അന്വേഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ബെല്‍ത്തങ്ങാടിയാണ് അനുയോജ്യമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം.

കേസിന്റെ സെന്‍സിറ്റീവ് സ്വഭാവം കണക്കിലെടുത്ത്, ഉയര്‍ന്ന തലത്തിലുള്ള രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ എസ്.ഐ.ടി ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ നീക്കങ്ങളും കൂടിക്കാഴ്ചകളും അന്വേഷണ വിശദാംശങ്ങളും പുറത്തുപോകാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Related Articles
Next Story
Share it