മംഗളൂരുവില്‍ എസ്.ഡി.പി.ഐ നേതാവിന് വധഭീഷണി; പൊലീസില്‍ പരാതി നല്‍കി
സുഹാസ് ഷെട്ടിയുടെ സംസ്‌കാരചടങ്ങുകള്‍ ലൈവായി കാണിച്ച ഒരു യൂട്യൂബ് ചാനലിലെ കമന്റില്‍ രാകേഷ് എന്നയാള്‍ വധഭീഷണി മുഴക്കിയെന്നാണ് പരാതി

മംഗളൂരു: വി.എച്ച്.പി പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ മംഗളൂരുവില്‍ എസ്.ഡി.പി.ഐ നേതാവിന് വധഭീഷണി. എസ്.ഡി.പി.ഐ കര്‍ണാടക സ്റ്റേറ്റ് മീഡിയ ഇന്‍ ചാര്‍ജ് റിയാസ് കടമ്പിനെതിരെയാണ് സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി മുഴക്കിയത്.
ഇതേ തുടര്‍ന്ന് റിയാസ് മംഗളൂരു സൗത്ത് പൊലീസില്‍ പരാതി നല്‍കി. സുഹാസ് ഷെട്ടിയുടെ സംസ്‌കാരചടങ്ങുകള്‍ ലൈവായി കാണിച്ച ഒരു യൂട്യൂബ് ചാനലിലെ കമന്റില്‍ രാകേഷ് എന്നയാള്‍ വധഭീഷണി മുഴക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. അടുത്തത് റിയാസ് കടമ്പാണെന്നായിരുന്നു കമന്റ്.
മറ്റൊരാള്‍ നിരവധി പേരുടെ പട്ടികയും തയ്യാറാക്കി പ്രസിദ്ധീകരിച്ചു. തുടര്‍ന്നാണ് റിയാസ് കടമ്പ് പൊലീസിനെ പരാതിയുമായി സമീപിച്ചത്. സുഹാസ് ഷെട്ടിയും സംഘവും 2022ല്‍ കൊലപ്പെടുത്തിയ സൂറത് കല്ലിലെ ഫാസിലിന്റെ സഹോദരന്‍ അടക്കമുള്ളവരാണ് സുഹാസ് ഷെട്ടിയുടെ കൊലക്കേസില്‍ അറസ്റ്റിലായിരിക്കുന്നത്. സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിന് ശേഷം വിവിധ പ്രദേശങ്ങളിലായി നടന്ന സംഘര്‍ഷത്തിനിടെ മൂന്നുപേര്‍ക്ക് കുത്തേറ്റിരുന്നു.