പുത്തൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 65 കാരി കൊല്ലപ്പെട്ടു

കെ.എഫ്.ഡി.സി തോട്ടത്തില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു.

പുത്തൂര്‍: പെര്‍ലംപടിക്ക് സമീപം കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പെര്‍ലംപടിയിലെ കണിയാരുവിന്റെ പരിസരത്ത് ചൊവ്വാഴ്ച രാവിലെ 7 മണിക്കും എട്ടുമണിക്കും ഇടയിലാണ് സംഭവം. റബ്ബര്‍ ടാപ്പിംഗ് നടത്തുകയായിരുന്ന സ്ത്രീയെ ഒരു ഒറ്റയാന്‍ അക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ സ്ത്രീ കൊല്ലപ്പെട്ടു.

65 കാരിയായ സെല്ലമ്മയാണ് മരിച്ചത്. കോള്‍ത്തിഗെ ഗ്രാമത്തിലെ കണിയാറിലുള്ള സിആര്‍സി കോളനിയില്‍ തനിച്ചാണ് സ്ത്രീ താമസിച്ചിരുന്നത്. കെ.എഫ്.ഡി.സി തോട്ടത്തില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തില്‍ മടവുവിലെ മകന്‍ ടി. യോഗരാജയുടെ പരാതിയില്‍ ബെല്ലാരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആന സെല്ലമ്മയെ പിന്തുടര്‍ന്ന് ചവിട്ടി കൊല്ലുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നതെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Related Articles
Next Story
Share it