നഴ്സിനെ ആണ്‍സുഹൃത്തിന്റെ നേതൃത്വത്തില്‍ കൊലപ്പെടുത്തി നദിയില്‍ തള്ളിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു; മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: ഹാവേരിയില്‍ നഴ്സിനെ ആണ്‍സുഹൃത്തിന്റെ നേതൃത്വത്തില്‍ കൊലപ്പെടുത്തി നദിയില്‍ തള്ളിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. റാണെബെന്നൂരിലെ ഒരു ആസ്പത്രിയില്‍ നഴ്സായിരുന്ന സ്വാതി രമേശ് ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ആണ്‍സുഹൃത്തടക്കം മൂന്നുപേര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തുകയും പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തു.
തിങ്കളാഴ്ച റാണെബെന്നൂരില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് സ്വാതിയുടെ ജന്മനാടായ മസൂറിലെ കടകളും സ്ഥാപനങ്ങളും അടച്ചിട്ടിരുന്നു.
മാര്‍ച്ച് മൂന്നിനാണ് സ്വാതിയെ കാണാതായത്. അന്വേഷണം നടത്തിവരുന്നതിനിടെ മാര്‍ച്ച് ആറിന് തുംഗഭദ്ര നദിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു. നദിയിലേക്ക് വലിച്ചെറിയുന്നതിനുമുമ്പ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പ്രതികളില്‍ ഒരാളുമായി സ്വാതി പ്രണയത്തിലായിരുന്നു. പിന്നീട് ആണ്‍സുഹൃത്തിന്റെ കുടുംബം മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചതോടെ സ്വാതിയില്‍ നിന്ന് യുവാവ് അകന്നു. ഇതില്‍ അസ്വസ്ഥയായ സ്വാതി അനന്തരഫലങ്ങളെക്കുറിച്ച് യുവാവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് യുവാവ് മറ്റ് രണ്ട് പേരുമായി ചേര്‍ന്ന് സ്വാതിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തി.
മാര്‍ച്ച് മൂന്നിന് സ്വാതിയെ ആണ്‍സുഹൃത്ത് റാട്ടിഹള്ളിയിലെ കെട്ടിടത്തിലേക്ക് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. അവിടെ വെച്ച് ഒരു തൂവാല കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പിന്നീട് മൃതദേഹം ഒരു കാറിന്റെ ഡിക്കിയില്‍ വെച്ച് തുംഗഭദ്ര നദിയിലേക്ക് തള്ളുകയായിരുന്നു.
പരമ്പരാഗത കാളയെ മെരുക്കുന്ന കായിക വിനോദങ്ങളില്‍ താല്‍പ്പര്യമുള്ള സ്വാതി, അത്തരമൊരു പരിപാടിക്കിടെയാണ് പ്രതിയായ ആണ്‍സുഹൃത്തിനെ കണ്ടുമുട്ടിയത്. അച്ഛനെ നേരത്തെ നഷ്ടപ്പെട്ടതിനാല്‍ അമ്മയോടൊപ്പമാണ് സ്വാദി താമസിച്ചിരുന്നത്.