ക്യാബിന്‍ ബാഗ് പ്രശ്‌നത്തിന്റെ പേരില്‍ വിമാനം തകര്‍ക്കുമെന്ന് ഭീഷണി; ബെംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാരി കസ്റ്റഡിയില്‍
എയര്‍ ഇന്ത്യയുടെ IX2749 എന്ന വിമാനം സൂററ്റിലേക്ക് പുറപ്പെടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് സംഭവം

ബെംഗളൂരു: ക്യാബിന്‍ ബാഗ് പ്രശ്‌നത്തിന്റെ പേരില്‍ വിമാനം ഇടിച്ചു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യാത്രക്കാരി കസ്റ്റഡിയില്‍. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (കെഐഎ) ആണ് സംഭവം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരിയായ വ്യാസ് ഹിരാല്‍ മോഹന്‍ഭായി(36) യെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
എയര്‍ ഇന്ത്യയുടെ IX2749 എന്ന വിമാനം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെ സൂററ്റിലേക്ക് പുറപ്പെടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് സംഭവം. യെലഹങ്കയ്ക്കടുത്തുള്ള ശിവനഹള്ളിയില്‍ താമസിക്കുന്ന ഡോക്ടറായ മോഹന്‍ഭായി, വിമാനത്തിന്റെ ആദ്യ നിരയില്‍ തന്റെ ബാഗ് വച്ച് 20F ലെ തന്റെ സീറ്റിലേക്ക് പോയി. എന്നാല്‍ പിന്നീട് ക്രൂ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
ബാഗ് സീറ്റിനടുത്തുള്ള ഓവര്‍ഹെഡ് ബിന്നിലേക്ക് മാറ്റാന്‍ ക്യാബിന്‍ ക്രൂ ആവശ്യപ്പെട്ടപ്പോള്‍, യുവതി വിസമ്മതിച്ചു. ജീവനക്കാരും പൈലറ്റും യുവതിയോട് നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും യുവതി നിരസിച്ചു. ഇതേചൊല്ലി തര്‍ക്കം തുടരുകയും ചെയ്തു. തര്‍ക്കം രൂക്ഷമായതോടെ രംഗം ശാന്തമാക്കാന്‍ ശ്രമിച്ച സഹയാത്രികരോട് യുവതി കയര്‍ക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഒടുവില്‍ താന്‍ 'വിമാനം തകര്‍ക്കുമെന്ന്' യുവതി ഭീഷണിപ്പെടുത്തി. ഇതോടെ വിഷയം കൂടുതല്‍ വഷളാവുകയും പൈലറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയുമായിരുന്നു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇടപെട്ട് യുവതിയെ വിമാനത്തില്‍ നിന്ന് മാറ്റി. യുവതിയുടെ പെരുമാറ്റം മറ്റ് യാത്രക്കാര്‍ക്ക് ഗുരുതരമായ സുരക്ഷാ ആശങ്കയുണ്ടാക്കുന്നതായി അധികൃതര്‍ പറഞ്ഞു.
ഭാരതീയ ന്യായ സംഹിതയിലെ ഒന്നിലധികം വകുപ്പുകള്‍ പ്രകാരം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, പൊതുജനങ്ങളെ ദ്രോഹിക്കല്‍ എന്നിവയുള്‍പ്പെടെ, വിമാന സുരക്ഷയെ അപകടത്തിലാക്കിയതിന് സിവില്‍ ഏവിയേഷന്‍ സുരക്ഷാ നിയമത്തിനെതിരായ നിയമവിരുദ്ധ നിയമങ്ങള്‍, അടിച്ചമര്‍ത്തല്‍, നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം മോഹന്‍ഭായിക്കെതിരെ കേസെടുത്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.