റാണി അബ്ബക്കയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുക മാത്രമാണ് ചെയ്തത്: എബിവിപി പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്ന് കര്‍ണാടക മന്ത്രി പരമേശ്വര

ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തുക മാത്രമാണ് ചെയ്തതെന്നും മന്ത്രി

മംഗളൂരു: അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എബിവിപി) സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുവെന്ന ആരോപണം നിഷേധിച്ച് കര്‍ണാടക ആഭ്യന്തരമന്ത്രി പരമേശ്വര. കോണ്‍ഗ്രസിനോടുള്ള തന്റെ കൂറും പ്രതിബദ്ധതയും അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. താന്‍ ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനാണെന്നും മരിക്കുന്നതും കോണ്‍ഗ്രസുകാരനായി തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുമകുരു ജില്ലയിലെ തിപ്തൂരില്‍ റാണി അബ്ബക്കയ്ക്കായി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിദ്യാര്‍ത്ഥി വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുവെന്നാണ് അദ്ദേഹം നേരിടുന്ന പ്രധാന ആരോപണം. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഘോഷയാത്രയ്ക്കിടെ റാണി അബ്ബക്കയുടെ ഫോട്ടോയ്ക്ക് പുഷ്പാര്‍ച്ചന നടത്തുക മാത്രമാണ് ചെയ്തതെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയ എല്ലാവരെയും ബഹുമാനിക്കുന്നുവെന്നുമായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്. കോണ്‍ഗ്രസിനോടുള്ള തന്റെ പ്രത്യയശാസ്ത്ര പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

16-ാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ പോര്‍ച്ചുഗീസുകാരുമായി പോരാടിയ ഇന്നത്തെ ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാളിലെ തുളുവ രാജ്ഞിയായിരുന്നു റാണി അബ്ബക്ക.

'ഞാന്‍ എബിവിപി പരിപാടിയില്‍ പങ്കെടുത്തില്ല. ഞാന്‍ പോകുന്ന വഴിയില്‍ റാണി അബ്ബക്കയുടെ ഘോഷയാത്ര നടക്കുകയായിരുന്നു. തിപ്തൂരില്‍ നിന്നുള്ള ഞങ്ങളുടെ പ്രാദേശിക എംഎല്‍എ ഷഡക്ഷരി എന്നോടൊപ്പം ഉണ്ടായിരുന്നു. റാണി അബ്ബക്കയുടെ ഘോഷയാത്രയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ കാര്‍ നിര്‍ത്തി, പൂക്കള്‍ അര്‍പ്പിച്ച് തിരിച്ചുവന്നു. അത്രയേ ഉള്ളൂ. മറിച്ച് ഞാന്‍ എബിവിപി പരിപാടിയില്‍ പങ്കെടുത്തിട്ടില്ല,'- എന്നും പരമേശ്വര പറഞ്ഞു.

'ആരെങ്കിലും ഇത് വിവാദമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നടക്കട്ടെ, എനിക്ക് ഒരു പ്രശ്‌നവുമില്ല' എന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പരമേശ്വരയുടെ വാക്കുകള്‍:

ഞാന്‍ ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനാണ്, കോണ്‍ഗ്രസുകാരനായി തന്നെ മരിക്കും. മറ്റുള്ളവരെപ്പോലെ എനിക്ക് രാഷ്ട്രീയ എതിരാളികള്‍ ഉണ്ടാകും, അവര്‍ പാര്‍ട്ടിക്കുള്ളിലോ പുറത്തോ ആകാം. അവര്‍ അത് ഒരു പ്രശ്നമാക്കുന്നുണ്ടാകാം. ആളുകള്‍ക്ക് ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങള്‍ മനസ്സിലാകില്ലേ? സംസ്ഥാനത്തെ എല്ലാവര്‍ക്കും ഡോ. പരമേശ്വര എന്താണെന്ന് അറിയാം, കഴിഞ്ഞ 35 വര്‍ഷമായി എന്റെ രാഷ്ട്രീയത്തെക്കുറിച്ച് അറിയാം. ഞാന്‍ അത് വീണ്ടും വീണ്ടും തെളിയിക്കേണ്ടതില്ല- എന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെയാണ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ നിയമസഭയില്‍ ആര്‍.എസ്.എസ് ഗാനം ആലപിച്ച് വിവാദം സൃഷ്ടിച്ചത്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിമര്‍ശനം നേരിട്ട ശിവകുമാര്‍ പിന്നീട് ക്ഷമാപണം നടത്തിയിരുന്നു. അതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു മന്ത്രിയും വിവാദത്തില്‍ കുടുങ്ങുന്നത്.

Related Articles
Next Story
Share it