ധര്‍മ്മസ്ഥല; ആദ്യ ദിവസത്തെ പരിശോധനയില്‍ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയില്ല

പരിശോധന നടന്നത് നേത്രാവതി കുളിക്കടവിന് സമീപം

ബെല്‍ത്തങ്ങാടി: ധര്‍മ്മസ്ഥല വനമേഖലയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പരിശോധന ആരംഭിച്ച് പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി). എന്നാല്‍ ധര്‍മ്മസ്ഥലയിലെ നേത്രാവതി കുളിക്കടവിന് സമീപം പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ആദ്യ ദിവസത്തെ തിരച്ചിലില്‍ മനുഷ്യാവശിഷ്ടങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അഞ്ച് മണിക്കൂറിലധികം തീവ്രമായ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.

വനമേഖലയില്‍ ഒന്നിലധികം മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നായിരുന്നു ധര്‍മസ്ഥലയിലെ ശുചീകരണ വിഭാഗത്തിലെ മുന്‍ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍. ഇതേതുടര്‍ന്ന് 20 പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ കര്‍ണാടക സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇതിന്റെ ഭാഗമായി 13 സിവില്‍ തൊഴിലാളികളുടേയും ഹെവി ഉപകരണങ്ങളുടേയും സഹായത്തോടെയാണ് എസ്.ഐ.ടി ചൊവ്വാഴ്ച ഓപ്പറേഷന്‍ ആരംഭിച്ചത്. ഉച്ചയ്ക്ക് 12:30 ന് ആരംഭിച്ച മണ്ണെടുപ്പ് 2:30 വരെ നീണ്ടുനിന്നു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. ഇതോടെ പരാതിക്കാരന്‍ കൂടുതല്‍ ആഴത്തില്‍ മണ്ണ് കുഴിച്ചെടുക്കാന്‍ നിര്‍ദേശിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥന്‍ അനുചേതിന്റെ നിര്‍ദ്ദേശപ്രകാരം, ഒരു മിനി ഹിറ്റാച്ചി എക്‌സ്‌കവേറ്റര്‍ കൊണ്ടുവന്ന് ഉച്ചകഴിഞ്ഞ് 3:30 ന് വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചു. 8 അടി ആഴത്തിലും 15 അടി വീതിയിലും രണ്ട് മണിക്കൂറിലധികം നേരം ഓപ്പറേഷന്‍ തുടര്‍ന്നുവെങ്കിലും ഫലമുണ്ടായില്ല.

ഓപ്പറേഷനിടെ കനത്ത മഴയെ തുടര്‍ന്ന് കുഴിയില്‍ വെള്ളം നിറഞ്ഞതും പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി. ആദ്യ ഘട്ടത്തില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടത് നിരാശയുണ്ടാക്കിയെങ്കിലും തുടര്‍ന്നുള്ള അന്വേഷണത്തില്‍ എന്തെങ്കിലും തുമ്പുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

Related Articles
Next Story
Share it