വീട്ടില്‍ നിന്നും ഒളിച്ചോടി ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കുട്ടിയെ കയ്യോടെ പിടികൂടി കുടുംബത്തെ ഏല്‍പ്പിച്ചു; കയ്യടി നേടി കൊങ്കണ്‍ റെയില്‍വേ ജീവനക്കാര്‍

14 കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ആണ് കൊങ്കണ്‍ റെയില്‍വേ ജീവനക്കാര്‍ രക്ഷപ്പെടുത്തി വീട്ടുകാരെ ഏല്‍പ്പിച്ചത്‌

ഉഡുപ്പി: വീട്ടില്‍ നിന്നും ഒളിച്ചോടി ട്രെയിനില്‍ തനിച്ച് യാത്ര ചെയ്യുന്നതിനിടെ കുട്ടിയെ കയ്യോടെ പിടികൂടി കുടുംബത്തെ ഏല്‍പ്പിച്ച് കയ്യടി നേടി കൊങ്കണ്‍ റെയില്‍വേ ജീവനക്കാര്‍. വ്യാഴാഴ്ച മത്സ്യഗന്ധ എക്‌സ്പ്രസിലാണ് സംഭവം നടന്നത്.

ട്രെയിന്‍ നമ്പര്‍ 12619 മത്സ്യഗന്ധ എക്‌സ്പ്രസില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന 14 കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ആണ് കൊങ്കണ്‍ റെയില്‍വേ ജീവനക്കാര്‍ രക്ഷപ്പെടുത്തി യാത്രക്കാരോടുള്ള സുരക്ഷയും സാമൂഹിക ഉത്തരവാദിത്തവും വീണ്ടും തെളിയിച്ചത്.

സ്‌കൂള്‍ യൂണിഫോമില്‍ ജനറല്‍ കോച്ചില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന ആണ്‍കുട്ടിയെ ഹെഡ് ടിക്കറ്റ് എക്‌സാമിനറായ പ്രദീപ് ഇസഡ് ശ്രീകെ കാണാനിടയാവുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട കുട്ടിയെ അദ്ദേഹം ചോദ്യം ചെയ്തു. ഇതോടെയാണ് വീട്ടില്‍ നിന്ന് ഒളിച്ചോടി വന്നതാണെന്ന് അറിയുന്നത്.

ഉടന്‍ തന്നെ കൊമേഴ്സ്യല്‍ കണ്‍ട്രോള്‍ ടീമിനെ വിവരം അറിയിക്കുകയും രത്നഗിരി സ്റ്റേഷനിലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ സഹായം തേടുകയും ചെയ്തു. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പ്രതികരിക്കുകയും കുട്ടിയെ സുരക്ഷിതമായി കസ്റ്റഡിയിലെടുക്കുകയും കുടുംബത്തിന് സുരക്ഷിതമായി കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

വാസ്‌കോയിലെ സ്‌കൂളില്‍ നിന്ന് കുട്ടിയെ കാണാതായ വിവരം പിന്നീട് സ്ഥിരീകരിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ കണ്ടെത്താന്‍ പൊതുജന സഹായം തേടുകയായിരുന്നു. 14 കാരനെ പിന്നീട് സുരക്ഷിതമായി കുടുംബത്തെ ഏല്‍പ്പിച്ചു. കൊങ്കണ്‍ റെയില്‍വേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിന് നിരവധി പേരാണ് കയ്യടി നല്‍കിയത്.

Related Articles
Next Story
Share it