ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ കൊള്ള; എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 7 കോടി രൂപയുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞു

ചാരനിറത്തിലുള്ള കാറില്‍ ഐടി ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘമാണ് പണവുമായി സ്ഥലം വിട്ടത്

ബെംഗളൂരു: എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 7 കോടിരൂപയുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. ചാരനിറത്തിലുള്ള കാറില്‍ ഐടി ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘമാണ് പണവുമായി സ്ഥലം വിട്ടത്. ജെ.പി നഗറിലെ സ്വകാര്യ ബാങ്കിന്റെ ശാഖയില്‍നിന്ന് പണം കൊണ്ടുവന്ന വാനിനെ ഇന്നോവ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി ജീവനക്കാരോട് പണത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടു. കേന്ദ്ര നികുതി വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ സംഘം തുടര്‍ന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തിയശേഷം പണം കാറിലേക്കു മാറ്റി സ്ഥലം വിടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ബെംഗളൂരു പോലുള്ള നഗരത്തില്‍ പട്ടാപ്പകല്‍ നടന്ന കൊള്ളയില്‍ നഗരം മുഴുവനും ഞെട്ടിയിരിക്കുകയാണ്.

പ്രതികളെ കണ്ടെത്താന്‍ വന്‍തോതില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 50 ലധികം സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു, വിവിധ വഴികളിലൂടെയുള്ള ചെക്ക് പോസ്റ്റുകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവ സമയത്ത് ക്യാഷ് വാനിലുണ്ടായിരുന്ന ജീവനക്കാരില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.

വാനിന്റെ ഡ്രൈവര്‍ പൊലീസിനെ അറിയിക്കാന്‍ വൈകിയതായും വ്യത്യസ്തമായ വിശദീകരണമാണ് ഇവര്‍ നല്‍കിയതെന്നും പൊലീസ് പറഞ്ഞു. വാനിലെ സായുധ സുരക്ഷാ ജീവനക്കാര്‍ ആയുധങ്ങള്‍ ഉപയോഗിക്കാതിരുന്നതും അക്രമികളെ ചെറുക്കാതിരുന്നതും സംശയത്തിന് ഇട നല്‍കിയിട്ടുണ്ട്. ഇതേകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

'പൊലീസ് നഗരത്തിലുടനീളം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യത്യസ്ത ടീമുകളെ രൂപീകരിച്ച് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഒരു സംഘം കണ്‍ട്രോള്‍ റൂം നിരീക്ഷിക്കുമ്പോള്‍, മറ്റൊരു സംഘം സാങ്കേതിക വിശദാംശങ്ങള്‍ വിശകലനം ചെയ്യുന്നു,' എന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിംഗ് പറഞ്ഞു.

Related Articles
Next Story
Share it