സിദ്ധരാമയ്യ അന്തരിച്ചെന്ന് ഓട്ടോ ട്രാന്‍സ്ലേഷന്‍ മണ്ടത്തരം; വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി എത്തിയതിന് പിന്നാലെ മാപ്പ് പറഞ്ഞ് മെറ്റ
പിഴവ് സംഭവിച്ചത് കന്നഡ നടി ബി സരോജ ദേവിയുടെ നിര്യാണത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ഇട്ട ഫേസ് ബുക്ക് പോസ്റ്റില്‍

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കന്നഡയില്‍ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയ ഭീമനായ മെറ്റ തെറ്റായി ട്രാന്‍സ്ലേറ്റ് ചെയ്ത സംഭവം വിവാദത്തില്‍. ഇതിന് പിന്നാലെ ക്ഷമാപണം നടത്തി മെറ്റ തന്നെ രംഗത്തെത്തി. പ്രമുഖ കന്നഡ നടി ബി സരോജ ദേവിയുടെ നിര്യാണത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ഇട്ട ഫേസ് ബുക്ക് പോസ്റ്റ് ഓട്ടോ ട്രാന്‍സ്ലേറ്റ് ചെയ്തപ്പോള്‍ മരണപ്പെട്ടത് സിദ്ധരാമയ്യയാണ് എന്നാവുകയായിരുന്നു. ഇതിന് പിന്നാലെ ഫേസ് ബുക്ക് ഉടമകളായ മെറ്റയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിദ്ധരാമയ്യ തന്നെ രംഗത്തെത്തിയിരുന്നു.
മെറ്റാ ഉടമസ്ഥതയിലുള്ള ഫേസ് ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ് ഫോമുകളില്‍ സംഭവിച്ച ഈ തെറ്റ്, സിദ്ധരാമയ്യ പരസ്യമായി പുറത്തുവിട്ടതോടെയാണ് വ്യാപക വിമര്‍ശനം ഉയര്‍ന്നത്. കന്നഡ ഉള്ളടക്കത്തിന്റെ തെറ്റായ മൊഴിമാറ്റം എഴുതിക്കാട്ടി മെറ്റ വസ്തുതകളെ വളച്ചൊടിക്കുകയും യൂസര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയുമാണെന്നായിരുന്നു സിദ്ധരാമയ്യയുടെ വിമര്‍ശനം. ഔദ്യോഗിക സംഭാഷണങ്ങളില്‍ ഇങ്ങനെ സംഭവിക്കുന്നത് വളരെ അപകടകരമാണ്. എത്രയും പെട്ടെന്ന് തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കെ വി പ്രഭാകര്‍ കത്തെഴുതുകയും ചെയ്തു.
സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. ഓട്ടോ ട്രാന്‍സ്ലേഷനുകള്‍ തെറ്റായ വിവരം നല്‍കിയേക്കാമെന്ന് ഞാന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. ഇത്തരം വലിയ പിഴവുകള്‍ പൊതുസമൂഹത്തിന്റെ ധാരണയെയും വിശ്വാസത്തെയും ദോഷകരമായി ബാധിക്കും എന്നും സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിമര്‍ശനത്തിന് പിന്നാലെ മെറ്റ പിശക് അംഗീകരിച്ച് പ്രശ്‌നം പരിഹരിച്ചു. 'ഈ കൃത്യമല്ലാത്ത കന്നഡ വിവര്‍ത്തനത്തിന് കാരണമായ പ്രശ്‌നം ഞങ്ങള്‍ പരിഹരിച്ചു. തെറ്റ് സംഭവിച്ചതില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു'- എന്നായിരുന്നു മെറ്റയുടെ ക്ഷമാപണം. കന്നഡയില്‍ നിന്ന് ഇംഗ്ലീഷിലേക്കുള്ള ട്രാന്‍സ്ലേഷനുകളുടെ കൃത്യതയും നിലവാരവും ഉറപ്പാക്കാന്‍ കന്നഡ ഭാഷാ വിദഗ്ധരുടെ സഹായത്തോടെ മെറ്റ തയ്യാറാകണമെന്ന് സിദ്ധരാമയ്യയുടെ മാധ്യമ ഉപദേഷ്ടാവ് മെറ്റയ്ക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.
പൊതുജനങ്ങളുമായുള്ള ആശയവിനിമയങ്ങളിലും ഔദ്യോഗിക കുറിപ്പുകളിലും ഇത്തരം ഓട്ടോ ട്രാന്‍സ്ലേഷന്‍ പിഴവുകള്‍ കടന്നുകയറുന്നത് വലിയ അപകടമാണെന്നും മെറ്റയെ കത്തിലൂടെ സിദ്ധരാമയ്യയുടെ ഓഫീസ് ഓര്‍മ്മിപ്പിച്ചു. വായിക്കുന്നത് ഒറിജിനല്‍ കണ്ടന്റാണോ, ഓട്ടോമേറ്റഡ് ട്രാന്‍സ്ലേഷനാണോ എന്നുപോലും ആളുകള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും മെറ്റയെ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ഓര്‍മിപ്പിച്ചു.