ബിജെപി നേതാവിന്റെ മകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം ലോഡ്ജില്‍ പിടിയില്‍; പോക്‌സോ കേസ് ചുമത്തി പൊലീസ്

കടപ്പാടി-മണിപ്പൂര്‍ സ്വദേശിയായ ശ്രീശാന്ത് പൂജാരി ആണ് മണിപ്പാലിലെ ഒരു ലോഡ്ജില്‍ വച്ച് പിടിയിലായത്

ഉഡുപ്പി: ബിജെപി നേതാവിന്റെ മകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം ലോഡ്ജില്‍ പിടിയില്‍. കടപ്പാടി-മണിപ്പൂര്‍ സ്വദേശിയായ ശ്രീശാന്ത് പൂജാരി (20) ആണ് മണിപ്പാലിലെ ഒരു ലോഡ്ജില്‍ വച്ച് വ്യാഴാഴ്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം പിടിയിലായത്. പിന്നാലെ യുവാവിനെതിരെ ഉഡുപ്പി വനിതാ പൊലീസ് സ്റ്റേഷനില്‍ പോക്‌സോ (ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം) കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രാദേശിക ബിജെപി നേതാവിന്റെ മകനായ പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി മണിപ്പാലിലെ ഒരു ലോഡ്ജിലേക്ക് കൊണ്ടുപോയി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, പെണ്‍കുട്ടിയുടെ മാതാപിതാക്കളും പൊലീസും ലോഡ്ജ് റെയ്ഡ് ചെയ്ത് ഇരുവരേയും കയ്യോടെ പിടികൂടുകയായിരുന്നു. മുറി ബുക്ക് ചെയ്യുമ്പോള്‍ ഇയാള്‍ പെണ്‍കുട്ടിക്ക് വ്യാജ ആധാര്‍ കാര്‍ഡ് നല്‍കിയതായും ആരോപണമുണ്ട്.

ശ്രീശാന്ത് പൂജാരിക്കെതിരെ സമാനമായ സാഹചര്യത്തില്‍ മറ്റൊരു പരാതിയും ഉയര്‍ന്നിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കി തെറ്റിദ്ധരിപ്പിച്ച ശേഷം തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ചാണ് പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയും പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles
Next Story
Share it