വി.എച്ച്.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മംഗളൂരുവില്‍ സംഘര്‍ഷാവസ്ഥ; ബസുകള്‍ക്ക് നേരെ കല്ലേറ്; സുരക്ഷ ശക്തമാക്കി പൊലീസ്

സൂറത്ത് കല്ലിലെ മുഹമ്മദ് ഫാസില്‍ വധം ഉള്‍പ്പെടെയുള്ള കേസുകളിലെ മുഖ്യപ്രതിയും വി.എച്ച്.പി പ്രവര്‍ത്തകനുമായ സുഹാസ് ഷെട്ടിയെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.

മംഗളൂരു: വി.എച്ച്.പി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് മംഗളൂരുവില്‍ സംഘര്‍ഷാവസ്ഥ. ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഇതേ തുടര്‍ന്ന് മംഗളൂരുവിലും പരിസരങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കി. സൂറത്ത് കല്ലിലെ മുഹമ്മദ് ഫാസില്‍ വധം ഉള്‍പ്പെടെയുള്ള കേസുകളിലെ മുഖ്യപ്രതിയും വി.എച്ച്.പി പ്രവര്‍ത്തകനുമായ സുഹാസ് ഷെട്ടിയെയാണ് വ്യാഴാഴ്ച രാത്രി 8.15 ഓടെ ബജ് പെ കിന്നിപ്പടവ് ക്രോസ് റോഡിന് സമീപം വെട്ടിക്കൊലപ്പെടുത്തിയത്.


സുഹാസ് ഷെട്ടി സഞ്ജയ്, പ്രജ്വല്‍, അന്‍വിത്, ലതീഷ്, ശശാങ്ക് എന്നിവരോടൊപ്പം കാറില്‍ പോകുമ്പോള്‍ പിക്കപ്പ് വാനിലും സ്വിഫ് റ്റ് കാറിലുമെത്തിയ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. നടുറോഡില്‍ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കിടക്കുകയായിരുന്ന സുഹാസിനെ പൊലീസെത്തി ഉടന്‍ തന്നെ സ്വകാര്യാസ്പ്രതിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.



സുഹാസ് ഷെട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. അടുത്തിടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു. സുഹാസ് ഷെട്ടി 2022ല്‍ സൂറത്ത് കല്ലില്‍ വച്ച് ഫാസില്‍ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും 2022 ജുലൈ 20ന് ബെല്ലാരിയില്‍ മസൂദ് എന്ന 19 കാരനായ യുവാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനില്‍ ദിവസ വേതനത്തിന് ജോലിയെടുത്തിരുന്ന എം.ബി.എ ബിരുദധാരിയായിരുന്ന മുഹമ്മദ് ഫാസിലിനെ 2022 ജൂലൈ 28 നാണ് കൊലപ്പെടുത്തിയത്. രാത്രി സൂറത് കല്ലിലെ ഒരു ടെക്‌സ് റ്റൈല്‍ ഷോപ്പിന് പുറത്ത് നില്‍ക്കുകയായിരുന്ന ഫാസിലിനെ നാല് പേരടങ്ങുന്ന മുഖംമൂടി ധാരികളായ സംഘമാണ് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.

സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന ഫാസിലിന്റെ പിന്നാലെ എത്തിയ സംഘം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഫാസില്‍ വധക്കേസില്‍ സുഹാസ് ഷെട്ടി ഉള്‍പ്പെടെയുള്ള സംഘമാണ് അറസ്റ്റിലായത്. ജൂലൈ 26ന് യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് ഫാസില്‍ കൊല്ലപ്പെട്ടത്.

2020ല്‍ കീര്‍ത്തി എന്ന 20 കാരനായ യുവാവിനെ അടിച്ചുകൊന്ന കേസിലും രണ്ടുപേരെ വധിക്കാന്‍ ശ്രമിച്ച കേസിലും സുഹാസ് പ്രതിയാണ്. ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ നളീന്‍ കുമാര്‍ കട്ടീല്‍, ഭരത് ഷെട്ടി എം.എല്‍.എ തുടങ്ങിയ നിരവധി സംഘപരിവാര്‍ നേതാക്കള്‍ ആസ്പത്രിയിലെത്തി. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Related Articles
Next Story
Share it