പ്രകോപനപരമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍; 2 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്‌

മംഗളൂരു: സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രകോപനപരവും അപകീര്‍ത്തികരവുമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് രണ്ട് വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് സിറ്റി പൊലീസ്. രണ്ട് കേസുകളും കൂടുതല്‍ അന്വേഷണത്തിനായി മംഗളൂരു സിറ്റി സിഇഎന്‍ ക്രൈം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ദക്ഷിണ കന്നഡ ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവുവിന്റെ ഫോട്ടോയ്ക്ക് താഴെ ശ്വേത പൂജാരി എന്ന ഫേസ് ബുക്ക് ഉപയോക്താവ് തന്റെ അക്കൗണ്ടില്‍ അപമാനകരമായ കമന്റ് പോസ്റ്റ് ചെയ്തതാണ് ഒന്നാമത്തെ കേസ്. ബാജ്പെ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ഈ പോസ്റ്റിന് ബന്ധമുണ്ടെന്നാണ് ആരോപണം.

ഇതിന്റെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 353(2) ക്രൈം നമ്പര്‍ 62/2025 പ്രകാരം സൂറത്ത് കല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ശ്വേത പൂജാരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

reshma_bariga എന്ന ഹാന്‍ഡില്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് ഇന്ത്യന്‍ സൈന്യത്തിന്റെ 'ഓപ്പറേഷന്‍ സിന്ധൂറി'നെ പരാമര്‍ശിച്ച് പ്രകോപനപരമായ പോസ്റ്റ് ഇട്ടതാണ് രണ്ടാമത്തെ കേസ്. പോസ്റ്റില്‍ #dikkaraoperationsindura എന്ന ഹാഷ്ടാഗിനൊപ്പം, ഓപ്പറേഷനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍, ഐപിസി സെക്ഷന്‍ 192, 196, 353(1)(യ), 353(2), ക്രൈം നമ്പര്‍ 59/2025 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടി താലൂക്കിലെ ബെലാല്‍ പോസ്റ്റില്‍ നിന്നുള്ള രേഷ്മ എന്ന ഉപയോക്താവാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. രണ്ട് കേസുകളിലും അന്വേഷണം തുടരുകയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Related Articles
Next Story
Share it