കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ എംഡിഎംഎ വിതരണം; രണ്ട് പേര്‍ അറസ്റ്റില്‍

ഇവരില്‍ നിന്നും പൊലീസ് 24.57 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

മംഗളൂരു: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ എംഡിഎംഎ വിതരണം ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വില്‍പനയ്‌ക്കെതിരായ നടപടിയുടെ ഭാഗമായി നടത്തിയ ഓപ്പറേഷനില്‍ ആണ് പ്രതികള്‍ വലയിലായത്. ഇവരില്‍ നിന്നും പൊലീസ് 24.57 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, മംഗളൂരു തുറമുഖത്തിന്റെയും ഡോക്ക് ഏരിയയുടെയും പരിസരത്ത് നവംബര്‍ 4 ന് സിസിബി പൊലീസ് നടത്തിയ റെയ്ഡില്‍ മംഗളൂരു കണ്ണൂര്‍ അഡയാറിലെ ദയമ്പുവിലെ എസ്എച്ച് നഗറില്‍ താമസിക്കുന്ന അബ്ദുള്‍ സലാം (39) എന്ന ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തു.

വാഹനം പരിശോധിച്ചപ്പോള്‍, മൊബൈല്‍ ഫോണ്‍, തൂക്ക സ്‌കെയില്‍, ഒഴിഞ്ഞ സിപ്പ്-ലോക്ക് കവറുകള്‍ എന്നിവ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നവംബര്‍ 6 ന് നടന്ന മറ്റൊരു ഓപ്പറേഷനില്‍, ബൊളിയരു പ്രദേശത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ഒരാള്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നതായി സിസിബി സംഘത്തിന് വിവരം ലഭിച്ചു. സംഭവത്തില്‍ മംഗളൂരുവിലെ ഉള്ളാള്‍ താലൂക്കിലെ ബൊളിയരുവിലെ മുഹമ്മദ് നസീര്‍ എന്ന ഷാക്കിര്‍ എന്ന ചാക്കി (28) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ കയ്യില്‍ നിന്നും 1,20,000 രൂപ വിലമതിക്കുന്ന എംഡിഎംഎ, ഒരു കറുത്ത യമഹ എഫ്ഇസഡ് ബൈക്ക്, ഒരു മൊബൈല്‍ ഫോണ്‍, 2,05,000 രൂപ വിലമതിക്കുന്ന ഒഴിഞ്ഞ സിപ്പ്-ലോക്ക് പാക്കറ്റുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. കൊണാജെ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മയക്കുമരുന്ന് വിതരണ, ശൃംഖലയില്‍ മറ്റ് നിരവധി പേര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മറ്റ് പ്രതികളെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

Related Articles
Next Story
Share it