സുഹാസ് ഷെട്ടി വധക്കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍

മംഗളൂരു കല്ലവരുവിലെ അസറുദ്ദീന്‍ എന്ന അസ്ഹര്‍, ഉഡുപ്പി കാപ്പിലെ ബെലാപ്പു സ്വദേശി നൗഫല്‍ എന്ന അബ്ദുള്‍ ഖാദര്‍, ബണ്ട്വാള്‍ പറങ്കിപ്പേട്ടില്‍ വാമഞ്ഞൂര്‍ നൗഷാദ് എന്ന ചോട്ട നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്.

മംഗളൂരു: വി.എച്ച്.പി പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെ കൂടി മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു കല്ലവരുവിലെ അസറുദ്ദീന്‍ എന്ന അസ്ഹര്‍(29), ഉഡുപ്പി കാപ്പിലെ ബെലാപ്പു സ്വദേശി നൗഫല്‍ എന്ന അബ്ദുള്‍ ഖാദര്‍ (24), ബണ്ട്വാള്‍ പറങ്കിപ്പേട്ടില്‍ വാമഞ്ഞൂര്‍ നൗഷാദ് എന്ന ചോട്ട നൗഷാദ് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പനമ്പൂര്‍, സൂറത്ത് കല്‍, മുല്‍ക്കി പൊലീസ് സ്റ്റേഷനുകളില്‍ അസറുദ്ദീനെതിരെ മൂന്ന് മോഷണ കേസുകളുണ്ട്. സുഹാസ് ഷെട്ടിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിലും ഈ വിവരങ്ങള്‍ കൊലയാളികള്‍ക്ക് നല്‍കുന്നതിലും അസറുദ്ദീന്‍ പ്രധാന പങ്കുവഹിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രധാന പ്രതിയെ കാറില്‍ രക്ഷപ്പെടാന്‍ സഹായിച്ചത് നൗഫല്‍ എന്ന അബ്ദുള്‍ ഖാദറാണ്.

ചോട്ട നൗഷാദ് മറ്റുള്ളവരുമായി ഗൂഢാലോചന നടത്തി കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി പൊലീസ് വെളിപ്പെടുത്തി. കൊലപാതകം, കൊലപാതകശ്രമം, കവര്‍ച്ച, ഗൂഢാലോചന തുടങ്ങി ആറ് ക്രിമിനല്‍ കേസുകളുള്ള നൗഷാദിനെതിരെ സൂറത്ത് കല്‍, ബാജ് പെ, മൂഡ് ബിദ്രി, മംഗളൂരു നോര്‍ത്ത്, ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്.

Related Articles
Next Story
Share it