മംഗളൂരു എംസിസി വകുപ്പുകളില്‍ ലോകായുക്തയുടെ മിന്നല്‍ പരിശോധന; കണ്ടെത്തിയത് നിരവധി ക്രമക്കേടുകള്‍

15 വര്‍ഷം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥന്‍ അതേ പദവിയില്‍ തുടരുന്നതായും കണ്ടെത്തല്‍

മംഗളൂരു: നഗരത്തിലെ സിറ്റി കോര്‍പ്പറേഷന്റെ (എംസിസി) പ്രധാന വകുപ്പുകളില്‍ ലോകായുക്ത നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് നിരവധി ക്രമക്കേടുകള്‍. ലോകായുക്തയില്‍ നിന്ന് ലഭിച്ച സെര്‍ച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിലാമ് പരിശോധന നടത്തിയത്.

ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഡോ. ഗണ പി കുമാര്‍, സുരേഷ് കുമാര്‍ പി, ഇന്‍സ്‌പെക്ടര്‍മാരായ ഭാരതി ജി, മംഗളൂരുവില്‍ നിന്നുള്ള ചന്ദ്രശേഖര്‍ കെ എന്‍, ഉഡുപ്പിയില്‍ നിന്നുള്ള മഞ്ജുനാഥ്, രാജേന്ദ്ര നായിക് എം എന്‍ എന്നിവരുള്‍പ്പെടെ ലോകായുക്ത പൊലീസ് ഉദ്യോഗസ്ഥരുടെ സംയുക്ത ഓപ്പറേഷനാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. റവന്യൂ, ആരോഗ്യം, എഞ്ചിനീയറിംഗ്, അക്കൗണ്ട്‌സ്, ടൗണ്‍ പ്ലാനിംഗ് വകുപ്പുകളും കമ്മീഷണറുടെ ഓഫീസുകള്‍ അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

റവന്യൂ, ടൗണ്‍ പ്ലാനിംഗ് വിഭാഗങ്ങളില്‍, ഇടനിലക്കാരുടെ സാന്നിധ്യം വളരെ കൂടുതലാണെന്ന് പരിശോധനയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒരു ബ്രോക്കറുടെ കൈവശം 5 ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത പണമുണ്ടെന്ന് കണ്ടെത്തി. 15 വര്‍ഷം മുമ്പ് ഹെല്‍ത്ത് ഓഫീസറായി വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍ വിരമിച്ച് വര്‍ഷങ്ങളായിട്ടും അതേ പദവിയില്‍ തുടരുന്നതായുള്ള ഗുരുതരമായ കണ്ടെത്തലുകളും പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞു.

ആരോഗ്യ വകുപ്പിന് കീഴില്‍ ഇത്തരത്തില്‍ നിരവധി ഗൗരവതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. എംസിസി ട്രേഡ് ലൈസന്‍സ് പോര്‍ട്ടലില്‍ നിരവധി ട്രേഡ് ലൈസന്‍സ് ഫയലുകള്‍ തീര്‍പ്പാക്കാതെ കിടക്കുന്നതായും കണ്ടെത്തി. ഒട്ടേറെ വ്യവസായികള്‍ ലൈസന്‍സുകള്‍ പുതുക്കുകയോ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട ഫീസ് അടയ്ക്കുകയോ ചെയ്തിട്ടില്ലെന്നും കണ്ടെത്തി.

എഞ്ചിനീയറിംഗ് വകുപ്പിലും നിരവധി ഗുരുതരമായി ക്രമക്കേടുകളാണ് കണ്ടെത്തിയത്. അപ്‌ഡേറ്റ് ചെയ്യാത്ത ഫയലുകള്‍ നിരവധിയായിരുന്നു. നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെ ടൗണ്‍ പ്ലാനിംഗ് വകുപ്പ് കെട്ടിട പെര്‍മിറ്റുകള്‍ നല്‍കുന്നതായും കണ്ടെത്തി. ചില കേസുകളില്‍, മുമ്പ് പൊളിച്ചുമാറ്റല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടും കെട്ടിട ബൈ-ലോകള്‍ ലംഘിച്ച കെട്ടിടങ്ങള്‍ക്ക് അംഗീകാരങ്ങള്‍ നല്‍കിയതായും കണ്ടെത്തി. കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലെ എഞ്ചിനീയര്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് നിയമവിരുദ്ധമായി അനുമതികള്‍ നല്‍കിയതിന് പിന്നിലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

ഭൂഗര്‍ഭ ഡ്രെയിനേജ് (യുജിഡി), സ്റ്റോം വാട്ടര്‍ മാനേജ്‌മെന്റ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ - എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, യുജിഡി ജീവനക്കാര്‍ - കെട്ടിടങ്ങളില്‍ നിന്ന് നഗരത്തിലെ ഡ്രെയിനുകളിലേക്കും സ്റ്റോം വാട്ടര്‍ ചാനലുകളിലേക്കും അനധികൃത ഡ്രെയിനേജ് കണക്ഷനുകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഈ അശ്രദ്ധ കാരണം മഴക്കാലത്ത് അഴുക്കുചാലുകള്‍ നിറഞ്ഞൊഴുകുന്നത് മൂലം ജനവാസ മേഖലകളില്‍ വൃത്തിഹീനമായ സാഹചര്യങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

25 ല്‍ കൂടുതല്‍ യൂണിറ്റുകളുള്ള നിരവധി അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളില്‍ മതിയായ മലിനജല സംസ്‌കരണ പ്ലാന്റ് (എസ്ടിപി) ശേഷി ഇല്ലെന്നും കണ്ടെത്തി. നിര്‍ബന്ധിത എസ്ടിപി നിര്‍മ്മാണത്തിന് നിര്‍ബന്ധിക്കാതെ ഉദ്യോഗസ്ഥര്‍ അവ അംഗീകരിച്ചു. കൂടാതെ, നിര്‍മ്മാണ അംഗീകാര പ്രക്രിയയില്‍, യുജിഡി ശൃംഖലയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ അവഗണിക്കപ്പെട്ടുവെന്നും ഇത് പ്രാദേശിക നദികളുടെയും അരുവികളുടെയും മലിനീകരണത്തിന് കാരണമായതായും റിപ്പോര്‍ട്ടുണ്ട്.

പരിശോധനയില്‍ ലഭിച്ച കണ്ടെത്തലുകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി ലോകായുക്ത കേന്ദ്ര ഓഫീസിന് സമര്‍പ്പിക്കുമെന്ന് കര്‍ണാടക ലോകായുക്ത മംഗളൂരു പൊലീസ് സൂപ്രണ്ട് (ഇന്‍-ചാര്‍ജ്) കുമാരചന്ദ്ര പറഞ്ഞു.

Related Articles
Next Story
Share it