HUMAN BONES | ഉള്ളാളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

ഉള്ളാള്‍: പ്രദേശത്ത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തി. കുമ്പളയിലെ ചിത്രാഞ്ജലി നഗറില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസുകാര്‍ അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച രാത്രി ചിത്രാഞ്ജലി നഗറിലെ ഒരു വീടിന്റെ പരിസരത്ത് നിന്നുമാണ് ലബോറട്ടറിയില്‍ നിന്നും ലഭിക്കുന്ന തരത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യ അസ്ഥികള്‍ കണ്ടെത്തിയത്. വാര്‍ത്ത പരന്നതോടെ സ്ഥലത്ത് ആളുകള്‍ തടിച്ചുകൂടി. കൂടുതല്‍ പരിശോധനയ്ക്കായി പൊലീസ് പ്ലാസ്റ്റിക് കവര്‍ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി.
അന്വേഷണത്തിനിടെ സമീപത്തെ സ്ത്രീ പാക്കറ്റ് ഉപേക്ഷിച്ചത് താനാണെന്ന് വെളിപ്പെടുത്തി. മംഗളൂരുവില്‍ ഒരു വിരമിച്ച ഡോക്ടറുടെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു സ്ത്രീ, ഡോക്ടര്‍ അവിടെ നിന്നും സ്ഥലം മാറിയതിനുശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ചില വീട്ടുപകരണങ്ങള്‍ സ്ത്രീ തന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇതില്‍ നിന്നുമാണ് മനുഷ്യന്റെ അസ്ഥികള്‍ അടങ്ങിയ പാക്കറ്റ് ലഭിച്ചത്. തുടര്‍ന്ന് സ്ത്രീ പാക്കറ്റ് വീടിന് സമീപം വലിച്ചെറിയുകയായിരുന്നു.
കഴിഞ്ഞയാഴ്ച ചിത്രാഞ്ജലി നഗറില്‍ ഒരു പ്രാദേശിക സംഘടനയുടെ വാര്‍ഷിക പരിപാടിയില്‍ നൃത്തം അവതരിപ്പിച്ച യുവാവിന്റെ വാടക വസ്ത്രം നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് പ്ലാസ്റ്റിക് കവറിനുള്ളില്‍ പൊതിഞ്ഞനിലയില്‍ അസ്ഥികള്‍ കണ്ടെത്തിയത്.
സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി സ്ത്രീ പറഞ്ഞ ഡോക്ടറെ ചോദ്യം ചെയ്യാനിരിക്കുകയാണ് പൊലീസ്.