ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മംഗളൂരു പൊലീസ്
പിഴ ഈടാക്കാനും തീരുമാനം

മംഗളൂരു: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മംഗളൂരു പൊലീസ്. അമിതവേഗതയിലെത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും പിഴ ഈടാക്കാനുമാണ് മംഗളൂരു സിറ്റി പൊലീസിന്റെ തീരുമാനം.
മംഗളൂരുവിലും പരിസരത്തും ഗതാഗത മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന കേരള രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളുടെ കേസുകള്‍ വര്‍ദ്ധിച്ചതാണ് ഇത്തരമൊരു തീരുമാനത്തിലെത്തിച്ചേരാന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിതരാക്കിയത്. നിയമലംഘനം നടത്തുന്ന വാഹനങ്ങളില്‍ ഏകദേശം 90 ശതമാനവും വിദ്യാര്‍ത്ഥികളുടേതാണെന്നും ഇരുചക്ര വാഹനങ്ങളാണ് ഇവയില്‍ കൂടുതലെന്നും റിപ്പോര്‍ട്ടുണ്ട്. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള വിവിധ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അശ്രദ്ധമായി വാഹനമോടിക്കുകയും പൊതുജനങ്ങള്‍ക്ക് സുരക്ഷാ അപകടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കിയിട്ടും, നിയമലംഘനം ആവര്‍ത്തിക്കുന്നു. ഇതേതുടര്‍ന്നാണ് ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ അത്തരം വാഹനങ്ങള്‍ ഉടന്‍ പിടിച്ചെടുക്കാനും പിഴ ഈടാക്കാനും സിറ്റി പൊലീസ് കമ്മീഷണര്‍ സുധീര്‍ കുമാര്‍ റെഡ്ഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
അത്തരം നടപടിക്ക് ഗതാഗത നിയമങ്ങള്‍ അനുവദിക്കുന്നുണ്ടെന്നും അടുത്തിടെ കാസര്‍കോട് എസ് പിയുമായി നടന്ന ഒരു കൂടിക്കാഴ്ചയില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നുവെന്നും സുധീര്‍ കുമാര്‍ റെഡ്ഡി വ്യക്തമാക്കി. എസ് പിയും കര്‍ണാടക പൊലീസിന്റെ നടപടിയെ പിന്തുണച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ച് അതത് സ്റ്റേഷന്‍ പരിധികളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ കോളേജുകളില്‍ പതിവായി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. എന്നാല്‍ കോളേജ് അധികൃതരുടെ ഉപദേശം വകവയ്ക്കാതെ വിദ്യാര്‍ത്ഥികള്‍ നിയമങ്ങള്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതും പിഴ ഈടാക്കുന്നതും അനിവാര്യമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ മൂലം ഉണ്ടാകുന്ന അപകടസാധ്യതകള്‍ മുന്നില്‍ കണ്ട് പൊതുജനങ്ങള്‍ കോളേജ് മാനേജ് മെന്റുകളോട്, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടു. പ്രാദേശിക നിയമങ്ങളെക്കുറിച്ച് അവര്‍ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുകയും പാലിക്കാത്ത സാഹചര്യത്തില്‍ കര്‍ശനമായ അച്ചടക്ക നടപടികള്‍ ഉറപ്പാക്കുകയും വേണം. കോളേജുകള്‍ വിദ്യാര്‍ത്ഥികളുടെ പ്രവൃത്തികള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പൗരന്മാര്‍ ആവശ്യപ്പെട്ടു.
ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കല്‍, ട്രിപ്പിള്‍ റൈഡിംഗ്, തെറ്റായ വശത്തു കൂടി വാഹനമോടിക്കല്‍, അമിത വേഗത എന്നിവയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായും റിപ്പോര്‍ട്ടുണ്ട്. കാറുകളില്‍ ടിന്റഡ് ഗ്ലാസുകള്‍ ഉപയോഗിക്കല്‍, ആക്രമണാത്മകമായി വാഹനമോടിക്കല്‍ എന്നിവയും നിയമലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു. അത്തരം പെരുമാറ്റത്തെ ചോദ്യം ചെയ്തപ്പോള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തിയ സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്.
പ്രദേശവാസികളുടെ ആശങ്ക വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, നഗരത്തിലെ ഗതാഗത അച്ചടക്കം പുനഃസ്ഥാപിക്കുന്നതിനായി മംഗളൂരു പൊലീസ് ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ കര്‍ശനമാക്കുകയാണെന്നും കമ്മിഷണര്‍ പറഞ്ഞു.