ആത്മഹത്യ ചെയ്യാനൊരുങ്ങിയ അച്ഛനേയും 4 വയസ്സുകാരിയായ മകളേയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് പൊലീസ്
കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജേഷിനേയും മകളേയുമാണ് പനമ്പൂര്‍, കാവൂര്‍ പൊലീസ് സംഘങ്ങള്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്

മംഗലാപുരം: ആത്മഹത്യ ചെയ്യാനൊരുങ്ങിയ അച്ഛനേയും 4 വയസ്സുകാരിയായ മകളേയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് പൊലീസ്. കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അംബിക നഗറില്‍ താമസിക്കുന്ന രാജേഷിനേയും (35) മകളേയുമാണ് പനമ്പൂര്‍, കാവൂര്‍ പൊലീസ് സംഘങ്ങള്‍ സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
ഏഴ് വര്‍ഷം മുമ്പ് വിവാഹിതനായ രാജേഷ് ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് തിങ്കളാഴ്ച ഭാര്യയുമായുള്ള വഴക്കിനെത്തുടര്‍ന്ന് നിരാശനായി മകളോടൊപ്പം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മകളെ തണ്ണീര്‍ഭാവി കടല്‍ത്തീരത്തേക്ക് കൊണ്ടുപോയി, 'നമുക്ക് രണ്ടുപേര്‍ക്കും മരിക്കാം' എന്ന് പറയുന്ന ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്ത് രാജേഷ് അത് ബന്ധുക്കളുടെ വാട് സ്ആപ്പ് ഗ്രൂപ്പില്‍ പങ്കിട്ടു.
രാജേഷ് കടല്‍ത്തീരത്തേക്ക് നടക്കുമ്പോള്‍ തുളുവില്‍ സംസാരിക്കുന്നത് കാണിക്കുന്ന വേദനാജനകമായ വീഡിയോയില്‍, 'ദയവായി മരിക്കരുത്, അപ്പാ' എന്ന് മകള്‍ അപേക്ഷിക്കുന്നതും കാണാം. വീഡിയോ കുടുംബാംഗങ്ങള്‍ക്കിടയില്‍ പെട്ടെന്ന് തന്നെ പ്രചരിക്കുകയും വൈകുന്നേരം 7 മണിയോടെ പനമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിക്കുകയും ചെയ്തു.
സംഭവം നടന്നിരിക്കുന്നത് പനമ്പൂര്‍ ബീച്ചിനടുത്തായിരിക്കാമെന്ന് സംശയിച്ച് പനമ്പൂര്‍ പൊലീസ് ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചെങ്കിലും രാജേഷിനേയും മകളേയും കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. തുടര്‍ന്ന് അവര്‍ തണ്ണീര്‍ഭാവി ബീച്ചിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. എന്നാല്‍ അവിടെ നിന്നും ഇരുവരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് സൈബര്‍ ക്രൈം പൊലീസിന്റെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ രാജേഷിന്റെ മൊബൈല്‍ നമ്പര്‍ കണ്ടെത്തി ലൊക്കേഷന്‍ നോക്കിയപ്പോള്‍ കാവൂരിലെ ശാന്തിനഗറില്‍ കണ്ടെത്തി. പനമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉടന്‍ തന്നെ കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും തന്റെ സംഘത്തെ സ്ഥലത്തേക്ക് അയയ്ക്കുകയും ചെയ്തു.
പനമ്പൂര്‍ പൊലീസ് ഉദ്യോഗസ്ഥരായ ഫക്കീരപ്പ, ശരണപ്പ, രാകേഷ് എന്നിവര്‍ ഉടന്‍ തന്നെ കാവൂരിലെ ശാന്തിനഗറിലെ വീട്ടില്‍ എത്തിയെങ്കിലും വീട് അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. മുട്ടി വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. ഒടുവില്‍, പൊലീസ് വാതില്‍ പൊളിച്ച് അകത്തുകടന്നു. അപ്പോള്‍ കണ്ടത് രാജേഷ് മകളോടൊപ്പം തൂങ്ങിമരിക്കാന്‍ ഒരുങ്ങുന്നതായിരുന്നു.
ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഇരുവരെയും രക്ഷപ്പെടുത്തി. തുടര്‍ന്ന് കാവൂര്‍ പൊലീസിന് കൈമാറി. രാജേഷിന് കൗണ്‍സിലിംഗ് നല്‍കി പിന്നീട് വീട്ടിലേക്ക് അയച്ചു. ചൊവ്വാഴ്ച, ദമ്പതികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ഉദ്യോഗസ്ഥര്‍ മധ്യസ്ഥത വഹിക്കുകയും ഇരുവര്‍ക്കും ഉപദേശം നല്‍കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
അച്ഛന്റെയും മകളുടെയും ജീവന്‍ രക്ഷിക്കുന്നതില്‍ പനമ്പൂര്‍, കാവൂര്‍ പൊലീസ് ടീമുകളുടെ വേഗത്തിലുള്ളതും ഏകോപിതവുമായ ശ്രമങ്ങളെ പൊലീസ് കമ്മീഷണര്‍ അഭിനന്ദിച്ചു.

