ബസില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം

മെഡിക്കല്‍ വിദ്യാര്‍ത്ഥി ഓടിച്ചിരുന്ന കാര്‍ ഇടിച്ചാണ് മരണം സംഭവിച്ചത്.

മംഗളൂരു: ബസില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം. ഉള്ളാള്‍ കുത്താറിലെ പണ്ഡിറ്റ് ഹൗസിന് സമീപമാണ് അപകടം. പണ്ഡിറ്റ് ഹൗസ് നിവാസിയായ പൂര്‍ണിമ (59) ആണ് മരിച്ചത്. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി ഓടിച്ചിരുന്ന കാര്‍ ഇടിച്ചാണ് മരണം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവതി മരിച്ചു.

ബന്ധുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പോയി മടങ്ങിവരികയായിരുന്നു പൂര്‍ണിമ. ഭര്‍ത്താവിന്റെ സഹോദരന്റെ മകന്റെ വിവാഹം മെയ് 16 ന് നിശ്ചയിച്ചിരുന്നു. ഇതിന്റെ ഒരുക്കങ്ങള്‍ക്കായി വീട്ടിലേക്ക് പോയിരുന്ന അവര്‍ തിരികെ വരുമ്പോഴാണ് ദുരന്തം സംഭവിച്ചത്. ഉത്സവാന്തരീക്ഷത്തിലായിരുന്ന വീട് ഇതോടെ മരണ വീടായി മാറി.

അപകടത്തിന് പിന്നാലെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തൊക്കോട്ടു-മംഗളൂരു യൂണിവേഴ്‌സിറ്റി റോഡിലെ പണ്ഡിറ്റ് ഹൗസ് ഭാഗം പൈപ്പ് ലൈന്‍ ജോലികള്‍ക്കായി കുഴിച്ചതാണെന്നും ശരിയായ റീടാറിങ് ഇല്ലാത്തതിനാല്‍ ഇവിടമാകെ കുഴികള്‍ നിറഞ്ഞത് പതിവായി അപകടങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.

റോഡിന്റെ ഒരു ഭാഗം അടുത്തിടെ ടാര്‍ ചെയ്തിരുന്നുവെങ്കിലും ആഴത്തിലുള്ള കുഴി ഇപ്പോഴും അവശേഷിക്കുന്നു. ഇതുകാരണം ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നും നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ മംഗളൂരു സൗത്ത് ട്രാഫിക് സ്റ്റേഷന്‍ പൊലീസ് കേസെടുത്തു. പൂര്‍ണിമയ്ക്ക് ഭര്‍ത്താവും ഒരു മകനുമുണ്ട്.

Related Articles
Next Story
Share it