നാഷണല്‍ ഹൈവേ കരാറുകാരനെ ട്രാഫിക് പൊലീസ് ഇന്‍സ്‌പെക്ടര്‍ ലാത്തി കൊണ്ട് അടിച്ചതായി പരാതി
ഇന്‍സ്പെക്ടര്‍ കൃഷ്ണ ആനന്ദയ്‌ക്കെതിരെയാണ് സൂപ്പര്‍വൈസര്‍ സച്ചിന്‍ ശുക്ല പരാതിയുമായി രംഗത്തെത്തിയത്

മംഗളൂരു: നാഷണല്‍ ഹൈവേ 66 കരാറുകാരനെ ട്രാഫിക് പൊലീസ് ഇന്‍സ്‌പെക്ടര്‍ ആക്രമിച്ചതായി പരാതി. തൊക്കോട്ടിനും ഗ്ലോബല്‍ മാര്‍ക്കറ്റ് ഏരിയയ്ക്കും ഇടയിലുള്ള നാഷണല്‍ ഹൈവേ 66 ലെ ആദന്‍ കുദ്രുവില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന ഉഡുപ്പി ടോള്‍വേ പ്രൈവറ്റ് ലിമിറ്റഡിന്റെ കോണ്‍ട്രാക്ടര്‍ സ്ഥാപനത്തിലെ സുരക്ഷാ സൂപ്പര്‍വൈസര്‍ ആണ് മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് ഇന്‍സ്‌പെക്ടര്‍ തന്നെ ആക്രമിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്.
ഇന്‍സ്‌പെക്ടര്‍ കൃഷ്ണ ആനന്ദ തന്റെ കൈയില്‍ ലാത്തി കൊണ്ട് അടിച്ചു എന്നാണ് സൂപ്പര്‍വൈസര്‍ സച്ചിന്‍ ശുക്ലയുടെ പരാതി. വ്യാഴാഴ്ച രാത്രി 8 മണിയോടെ കരാറുകാരന്‍ റോഡ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് സംഭവം നടന്നതെന്നും റിപ്പോര്‍ട്ടുണ്ട്. രാത്രി വൈകിയുള്ള ജോലിയെ ഉദ്യോഗസ്ഥന്‍ എതിര്‍ക്കുകയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുമെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. നേത്രാവതി പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കിടെ അടുത്തിടെ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ യാതൊരു പ്രകോപനമില്ലാതെ അന്യായമായാണ് ആക്രമണം നടന്നതെന്ന് കരാറുകാരന്റെ ജീവനക്കാര്‍ ആരോപിച്ചു. നിലവിലെ തൊഴിലാളി ക്ഷാമം കണക്കിലെടുക്കുമ്പോള്‍, രാത്രിയില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ള തൊഴിലാളികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നും, എന്നാല്‍ കരാര്‍ ഉത്തരവാദിത്തങ്ങള്‍ അനുസരിച്ച് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനി ബാധ്യസ്ഥമാണെന്നും ജീവനക്കാര്‍ പറയുന്നു.
പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതരമായ കുറ്റമാണെന്ന് പറഞ്ഞ കോണ്‍ട്രാക്ടര്‍ വിഷയം സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തു.