'യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കി ഒരു ലക്ഷം രൂപ തട്ടിയെടുത്തു'; മന്ത്രവാദി അറസ്റ്റില്‍

2022 ഫെബ്രുവരി 10 ന് മന്ത്രവാദിയുടെ ഹെജമാഡിയിലെ വീട്ടില്‍ വച്ചാണ് പീഡനം നടന്നതെന്ന് യുവതി

മംഗളൂരു: യുവതിയെ ലൈംഗികചൂഷണത്തിനിരയാക്കി ഒരു ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ മന്ത്രവാദി അറസ്റ്റില്‍. ഹെജമാഡിയില്‍ ഗുരുവായനക്കെയിലെ ജി അബ്ദുള്‍ കരീം എന്ന കുളൂര്‍ ഉസ്താദിനെയാണ് സിറ്റി വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്.

മന്ത്രവാദത്തിന് ചികിത്സിക്കാനെന്ന വ്യാജേന അബ്ദുള്‍ കരീം യുവതിയെ പലതവണ വിളിച്ചിരുന്നതായി പൊലീസ് പറയുന്നു. യുവതിയും സഹോദരിയും പലതവണ അബ്ദുള്‍ കരീമിനെ സന്ദര്‍ശിച്ചിരുന്നു. ഇതിനിടെ 2022 ഫെബ്രുവരി 10 ന് യുവതി തനിച്ച് അബ്ദുള്‍ കരീമിന്റെ ഹെജമാഡിയിലെ വീട്ടിലേക്ക് പോയി.

അവിടെ വച്ച് ചികിത്സയുടെ മറവില്‍ ലൈംഗികമായി പീഡിപ്പിക്കുകയും 55,000 രൂപ കൈക്കലാക്കുകയും ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ചികിത്സയ്ക്ക് വലിയ തുക വേണ്ടിവരുമെന്നും പ്രതി യുവതിയോട് പറഞ്ഞു. പിന്നീട് നിരവധി തവണ തന്നെ സന്ദര്‍ശിച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്തുവെന്നും യുവതി പരാതിയില്‍ പറയുന്നു. മന്ത്രവാദ ചികിത്സ നടത്തി രോഗം ഭേദമാക്കുന്നുവെന്ന് പറഞ്ഞ് അബ്ദുള്‍ കരീം സമാനമായി നിരവധി പേരെ വഞ്ചിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.


Related Articles
Next Story
Share it