ROBBERY | മംഗളൂരുവില്‍ എട്ട് നായ്ക്കളും 16 സിസിടിവികളും ഉള്ള വീടിന്റെ ജനല്‍കമ്പികള്‍ വളച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ 80 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കൊള്ളയടിച്ചു

മംഗളൂരു: എട്ട് നായ്ക്കളുടെ കാവലുള്ള വീടിന്റെ ജനല്‍കമ്പികള്‍ വളച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ 80 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കൊള്ളയടിച്ചു. മംഗളൂരു ബജ് പെ പെര്‍മുഡെയിലെ പ്രവീണ്‍ പിന്റോയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പ്രവീണ്‍ പിന്റോ കുടുംബസമേതം കുവൈത്തിലാണ് താമസം. വീട്ടില്‍ ആരുമില്ലാത്തതിനാല്‍ 16 സിസിടിവി ക്യാമറകള്‍ വീട്ടിലും പരിസരത്തുമായി സ്ഥാപിച്ചിരുന്നു.
മോഷ്ടാക്കള്‍ ഒരു മറവില്‍ നിന്നെത്തി ക്യാമറ ആംഗിളുകള്‍ മാറ്റിയ ശേഷം വീടിന്റെ ഒരു ജനല്‍ചില്ലുകള്‍ ഇരുമ്പ് വടി കൊണ്ട് തകര്‍ക്കുകയും കമ്പി വളച്ച് അകത്തുകടക്കുകയുമായിരുന്നു. വീടിന്റെ സുരക്ഷക്കായി എട്ട് വളര്‍ത്തുനായ്ക്കളുടെ കാവലുണ്ടായിട്ടും ഇവയ്ക്ക് പിടികൊടുക്കാതെയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തി തിരിച്ചുപോയത്. ലോക്കറിന്റെ താക്കോല്‍ ഉപയോഗിച്ച് സ്വര്‍ണ്ണാഭരണങ്ങളും വാച്ചുകളും മോഷ്ടിക്കുകയായിരുന്നു.
നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ പതിവായി വീട്ടില്‍ വരുന്ന രണ്ട് തൊഴിലാളികള്‍ രാവിലെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. അവര്‍ ഉടന്‍ തന്നെ കുവൈത്തിലുള്ള പ്രവീണിനെ ഫോണിലൂടെ വിവരമറിയിക്കുകയായിരുന്നു.
എ.സി.പി കെ. ശ്രീകാന്ത്, ഇന്‍സ്പെക്ടര്‍ സന്ദീപ്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലത്തെത്തി കവര്‍ച്ച നടന്ന സ്ഥലം പരിശോധിച്ചു.