'ഗൂഗിളില്‍ നെഗറ്റീവ് റിവ്യൂ നല്‍കിയതിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് വീട്ടുടമയുടെ മര്‍ദനം'

മംഗളൂരു: ഗൂഗിളില്‍ നെഗറ്റീവ് റിവ്യൂ നല്‍കിയതിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് വീട്ടുടമയുടെ മര്‍ദനമെന്ന് പരാതി. മംഗളൂരുവിലെ കദ്രി പ്രദേശത്താണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. പിജി (പേയിംഗ് ഗസ്റ്റ്) ഉടമയും കൂട്ടാളികളും ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ക്രൂരമായി ആക്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

കലബുറഗിയില്‍ നിന്നുള്ള വികാസ്(18) എന്ന യുവാവാണ് ആക്രമത്തിന് ഇരയായത്. മാര്‍ച്ച് 17 ന് രാത്രി 10:30 ഓടെ കദ്രിയിലെ ആണ്‍കുട്ടികളുടെ താമസ സ്ഥലത്താണ് സംഭവം നടന്നത്.

ആറുമാസമായി ഇവിടെ താമസിച്ചിരുന്ന വികാസ്, മോശം ജീവിത സാഹചര്യങ്ങളെ തുടര്‍ന്ന് അടുത്തിടെ ഇവിടെ നിന്നും താമസം മാറ്റിയിരുന്നു. വിളമ്പുന്ന ഭക്ഷണം വൃത്തിഹീനമാണെന്നും പരിസരം വൃത്തിഹീനമാണെന്നും ടോയ്ലറ്റുകള്‍ മോശം അവസ്ഥയിലാണെന്നും ആയിരുന്നു വികാസിന്റെ ആരോപണം. പിന്നാലെ ഗൂഗിളില്‍ ഒരു സ്റ്റാര്‍ റേറ്റിംഗും വിമര്‍ശനാത്മകമായ അഭിപ്രായ പ്രകടനവും നടത്തി.

ഇതേത്തുടര്‍ന്ന് പിജി ഉടമ സന്തോഷ് വികാസിനെ ഭീഷണിപ്പെടുത്തുകയും തങ്ങള്‍ക്കെതിരായ വാര്‍ത്ത നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് വികാസ് വിസമ്മതിച്ചതോടെ സന്തോഷും മറ്റ് നാല് പേരും ചേര്‍ന്ന് വികാസിനെ ആക്രമിക്കുകയും വാര്‍ത്ത നീക്കം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി.

കദ്രി പൊലീസ് സ്റ്റേഷനില്‍ വികാസ് നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്.

Related Articles
Next Story
Share it