സീതാംഗോളി ഡിപ്പോയിലേക്ക് പെട്രോള്‍ എത്തിക്കാന്‍ നല്‍കിയ ടാങ്കറില്‍ നിന്ന് 40 ലിറ്റര്‍ ഊറ്റിയെടുത്തു; ഡ്രൈവര്‍ക്കെതിരെ കേസ്
ആദിനാഥേശ്വര റോഡ് ലൈന്‍സിന്റെ ടാങ്കറില്‍ നിന്നാണ് പെട്രോള്‍ മോഷ്ടിക്കപ്പെട്ടത്

ബെല്‍ത്തങ്ങാടി: സീതാംഗോളി ഡിപ്പോയിലേക്ക് പെട്രോള്‍ എത്തിക്കാന്‍ നല്‍കിയ ടാങ്കറില്‍ നിന്ന് ഡ്രൈവര്‍ 40 ലിറ്റര്‍ ഊറ്റിയെടുത്തതായുള്ള ഉടമയുടെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. ആദിനാഥേശ്വര റോഡ് ലൈന്‍സിന്റെ ടാങ്കറില്‍ നിന്നാണ് പെട്രോള്‍ മോഷ്ടിക്കപ്പെട്ടത്. സംഭവത്തില്‍ ഉടമ സുജിത് ആല്‍വ നല്‍കിയ പരാതിയില്‍ സൂറത്ത് കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സുജിത് ആല്‍വ നല്‍കിയ പരാതി ഇങ്ങനെ:
നവംബര്‍ 13 ന് കാസര്‍കോടിലെ സീതാംഗോളി ഡിപ്പോയിലേക്ക് പെട്രോള്‍ എത്തിക്കാന്‍ എംആര്‍പിഎല്ലില്‍ നിന്ന് ഒരു ടാങ്കര്‍ അയച്ചു. പരാതിക്കാരന് പരിചയമുള്ള ലിഖിത് കെ ആണ് വാഹനം ഓടിച്ചത്. പിറ്റേന്ന് ഡിപ്പോയില്‍ ടാങ്കര്‍ എത്താത്തതിനെ തുടര്‍ന്ന് ആല്‍വ വാഹനത്തിനായി അന്വേഷണം തുടങ്ങി. ഉച്ചകഴിഞ്ഞ് 3 മണിയോടെ, കാന പാര്‍ക്കിംഗ് യാര്‍ഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന നിലയില്‍ വാഹനം കണ്ടെത്തി.
പരിശോധനയില്‍, ഇന്ധന കമ്പാര്‍ട്ടുമെന്റിലേക്ക് പ്ലാസ്റ്റിക് പൈപ്പ് തിരുകി ടാങ്കറില്‍ നിന്ന് പെട്രോള്‍ വലിച്ചെടുക്കുന്നതും ലോറിയുടെ അടിയില്‍ വച്ചിരിക്കുന്ന ക്യാനുകളില്‍ ശേഖരിക്കുന്നതും കണ്ടു. തുടര്‍ന്ന് തന്റെ കാര്‍ വാഹനത്തിന് സമീപം നിര്‍ത്തിയപ്പോള്‍, ഡ്രൈവര്‍ ടാങ്കറില്‍ നിന്ന് താഴേക്ക് ചാടി മറ്റൊരു അജ്ഞാത വ്യക്തിയോടൊപ്പം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും പരാതിക്കാരന്‍ പറയുന്നു.
20 ലിറ്ററിന്റെ രണ്ട് പ്ലാസ്റ്റിക് ക്യാനുകളിലായി സൂക്ഷിച്ചിരുന്ന 40 ലിറ്ററോളം പെട്രോള്‍ പ്രതി മോഷ്ടിച്ചതായാണ് പരാതിക്കാരന്റെ ആരോപണം. ഏതായാലും സൂറത്ത് കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

