ഉള്ളാളില്‍ കോളജ് ബസ് നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന 5 വാഹനങ്ങളില്‍ ഇടിച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മംഗളൂരു: ഉള്ളാളില്‍ കോളജ് ബസ് നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന 5 വാഹനങ്ങളില്‍ ഇടിച്ചു. തിങ്കളാഴ്ച വൈകുന്നേരം കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തിബ്ലപദാവുവില്‍ ആണ് സംഭവം നടന്നത്. കോളജ് വിട്ട് വിദ്യാര്‍ത്ഥികളുമായി പോയ ബസ് നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറിലും മൂന്ന് ഇരുചക്ര വാഹനങ്ങളിലും ഇടിക്കുകയായിരുന്നു.
ഇനോലിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്നു ബസ്. ഭാഗ്യവശാല്‍ അപകട സമയത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ ആരും ഉണ്ടായിരുന്നില്ല, അതുകൊണ്ടുതന്നെ വലിയ അപകടങ്ങളാണ് ഒഴിവായത്. ഇടിയേറ്റ വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.
നേരത്തെ, തിബ്ലപദാവുവിനടുത്ത് ഒരു ബൈക്ക് തെന്നിമാറി, യാത്രക്കാരന് പരുക്കേറ്റിരുന്നു, തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട വിവരം അറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.