സുഖാനന്ദ് ഷെട്ടി കൊലക്കേസ്; മുഖ്യ പ്രതിയെ കാസര്‍കോട്ടേക്ക് രക്ഷപ്പെടുത്തിയശേഷം ഗള്‍ഫിലേക്ക് കടന്ന ആള്‍ 19 വര്‍ഷത്തിന് ശേഷം പിടിയില്‍

അബ്ദുള്‍ സലാം അഡൂരാണ് അറസ്റ്റിലായത്

മംഗളൂരു: സൂറത്ത് കല്ലിലെ ബിജെപി പ്രവര്‍ത്തകന്‍ സുഖാനന്ദ് ഷെട്ടി(32)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. 2006 ല്‍ നടന്ന കൊലപാതക കേസില്‍ 19 വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ ബജ്പെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. 2006 ഡിസംബര്‍ 1 ന്, സൂറത്ത് കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹൊസബെട്ടുവിന് സമീപം സുഖാനന്ദ് ഷെട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ പ്രതി കബീറിനെ രക്ഷപ്പെടുത്താന്‍ സഹായിച്ച പ്രതികളില്‍ ഒരാളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

കബീറും കൂട്ടാളികളുമാണ് സുഖാനന്ദ് ഷെട്ടിയെ കൊലപ്പെടുത്തിയതെന്നും ഇവര്‍ കൊലയ്ക്ക് ശേഷം പിന്നീട് ഒളിവില്‍ പോയതായുമാണ് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കബീറിനെ കാസര്‍കോട്ടേക്ക് എത്തിച്ച് സഹോദരന്മാരായ ലത്തീഫ് എന്ന അഡൂര്‍ ലത്തീഫും അബ്ദുള്‍ സലാം അഡൂരും ചേര്‍ന്ന് രണ്ട് ദിവസം അഡൂര്‍ ടിബറ്റ് കോളനിയിലെ അവരുടെ വീട്ടില്‍ താമസിപ്പിച്ചിരുന്നായി പൊലീസ് പറഞ്ഞു. അറസ്റ്റ് ഒഴിവാക്കാന്‍ ഇരുവരും പ്രതിയെ സഹായിച്ചതായും പിന്നീട് കാസര്‍കോടിന് സമീപം വാഹനത്തില്‍ ഇറക്കിവിടുകയും അവിടെ നിന്ന് അയാള്‍ രക്ഷപ്പെട്ടുവെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.

കുറ്റകൃത്യത്തിന് മൂന്ന് മാസത്തിന് ശേഷം പിടിക്കപ്പെടാതിരിക്കാന്‍ ഇപ്പോള്‍ 47 വയസ്സുള്ള അബ്ദുള്‍ സലാം രാജ്യം വിട്ടിരുന്നു, കുറ്റപത്രം സമര്‍പ്പിച്ചിട്ടും അദ്ദേഹം ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ 19 വര്‍ഷമായി അദ്ദേഹം കോടതിയില്‍ ഹാജരായിരുന്നില്ല. അടുത്തിടെ അബ്ദുള്‍ സലാം നാട്ടില്‍ തിരിച്ചെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, നവംബര്‍ 18 ന് രാത്രി 8 മണിയോടെ ബാജ് പെ പൊലീസിലെ ഒരു സംഘം കിന്നിപ്പടവില്‍ വെച്ച് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.

2007 ല്‍ പാസ്പോര്‍ട്ട് നേടിയ ഇയാള്‍ വര്‍ഷങ്ങളോളം വിദേശത്ത് താമസിച്ചിരുന്നതായും, കാസര്‍കോട്ടുണ്ടായിരുന്ന അഡൂരിലെ വസതി പൊളിച്ചുമാറ്റിയ ശേഷം കിന്നിപ്പടവിലെ ഒരു വാടക വീട്ടിലേക്ക് മാറിയതായും റിപ്പോര്‍ട്ടുണ്ട്. സഹോദരന്‍ ലത്തീഫ് വിദേശത്ത് തുടരുകയാണെന്നും ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

കൊലപാതക കേസില്‍ പ്രതികളായ 16 പേരെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റ് 11 പേര്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണെന്നും പൊലീസ് പറഞ്ഞു. ബാജ്പെ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകശ്രമ കേസും അബ്ദുള്‍ സലാമിനെതിരെയുണ്ട്, കൂടാതെ അദ്ദേഹത്തിനെതിരെ കോടതിയില്‍ ഒരു കുറ്റപത്രവും നിലവിലുണ്ട്. വര്‍ഷങ്ങളായി കോടതി അദ്ദേഹത്തിനെതിരെ നിരവധി വാറണ്ടുകള്‍ പുറപ്പെടുവിച്ചിരുന്നു. ഏകദേശം രണ്ട് പതിറ്റാണ്ടായി കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍, ബാജ്പെ പൊലീസ് ബിഎന്‍എസ് സെക്ഷന്‍ 209 പ്രകാരം അദ്ദേഹത്തിനെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കും.

എസിപി (നോര്‍ത്ത് സബ് ഡിവിഷന്‍) ശ്രീകാന്ത് കെ യുടെ നേതൃത്വത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് കുമാര്‍ പി, പി.എസ്.ഐ രഘു നായക്, സ്റ്റാഫ് അംഗങ്ങളായ അന്നപ്പ, അജിത് മാത്യു, രാജേന്ദ്ര പ്രസാദ്, വിനോദ് നായിക്, സുനില്‍ കുസനാലെ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.

Related Articles
Next Story
Share it