ARRESTED | മംഗലാപുരത്തെ മുത്തൂറ്റ് ശാഖയിലെ മോഷണശ്രമം; കാഞ്ഞങ്ങാട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍; ഒരാള്‍ ഓടിരക്ഷപ്പെട്ടു

ദേര്‍ളക്കട്ട: മുത്തൂറ്റ് ശാഖയിലെ മോഷണശ്രമവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍. മുരളി, ഹര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ ഒടിരക്ഷപ്പെട്ടു. കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ ലത്തീഫ് ആണ് ഓടി രക്ഷപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. കൊണാജെ ദേര്‍ളക്കട്ടെയിലെ മുത്തൂറ്റ് ശാഖയില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മോഷണശ്രമം നടന്നത്.

മുത്തൂറ്റ് ശാഖയുടെ മുന്‍വശത്തെ വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടക്കാന്‍ ശ്രമിച്ചത്. സെക്യൂരിറ്റി അലാം അടിച്ചതോടെ മുത്തൂറ്റിന്റെ കണ്‍ട്രോള്‍ റൂമില്‍ വിവരം കിട്ടി. അവര്‍ ഉടന്‍ തന്നെ കൊണാജെ പൊലീസിനെ വിളിച്ച് വിവരം പറഞ്ഞു. അലാം അടി ശബ്ദം കേട്ട് പ്രദേശവാസികലും സ്ഥലത്ത് തടിച്ചുകൂടി.

പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി നടത്തിയ തിരച്ചിലില്‍ കെട്ടിടത്തിനകത്ത് നിന്നും മുരളിയേയും ഹര്‍ഷദിനേയും പിടികൂടി. എന്നാല്‍ ലത്തീഫ് ഓടിരക്ഷപ്പെട്ടു. ചോദ്യം ചെയ്യലില്‍ കേരളത്തില്‍ വിജയ ബാങ്ക് മോഷണക്കേസിലെ പ്രതികളാണ് പിടിയിലായവരെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. പ്രതികള്‍ മോഷണം നടത്താന്‍ ഉപയോഗിച്ച ഒരു ഡ്രില്ലിംഗ് മെഷീനും പൊലീസ് പിടിച്ചെടുത്തു.

ദേര്‍ലക്കട്ടെയിലെ മുത്തൂറ്റ് ഫിനാന്‍സ് ബ്രാഞ്ചില്‍ ഏര്‍പ്പെടുത്തിയിരുന്ന വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് കവര്‍ച്ചാ ശ്രമം പരാജയപ്പെടാന്‍ കാരണമായത്. എ.സി.പി ധന്യ നായക്കും കൊണാജെ ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി.

ദേര്‍ലക്കട്ടെ ജംഗ്ഷനിലെ എച്ച് എം ടിംബേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഓടിരക്ഷപ്പെട്ട അബ്ദുള്‍ ലത്തീഫിനെ കണ്ടെത്താന്‍ വിപുലമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it