സുഹാസ് ഷെട്ടി വധക്കേസ്; പ്രതിക്ക് നേരെ ജയിലില്‍ ആക്രമണം
ജയിലിനുള്ളില്‍ ഉണ്ടായിരുന്ന അജ്ഞാതര്‍ പ്രതിക്ക് നേരെ കല്ലുകളും മറ്റ് വസ്തുക്കളും എറിയുകയായിരുന്നു

മംഗളൂരു: സുഹാസ് ഷെട്ടി വധക്കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് നേരെ മംഗളൂരു ജയിലില്‍ വെച്ച് ആക്രമണം. ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് പൊലീസ് മതിയായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ജീവാപായമൊന്നും സംഭവിച്ചില്ല. കസ്റ്റഡിയിലിരിക്കെ കൊലയാളിക്കെതിരെ പ്രതികാര നടപടിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ തന്നെ മംഗളൂരു പൊലീസിനെ അറിയിച്ചിരുന്നു.
കേസിലെ മിക്ക പ്രതികളെയും ഇതിനകം തന്നെ മൈസൂരു, ധാര്‍വാഡ്, ബെലഗാവി എന്നിവയുള്‍പ്പെടെ സംസ്ഥാനത്തുടനീളമുള്ള വിവിധ ജയിലുകളിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ പ്രതികളിലൊരാളായ ചോട്ടെ നൗഷാദിനെ കോടതിയില്‍ ഹാജരാക്കുന്നതിനായി മംഗളൂരുവിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു.
കോടതി നടപടിക്രമങ്ങള്‍ക്ക് ശേഷം, പൊലീസ് അദ്ദേഹത്തെ മൈസൂരു ജയിലിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങുന്നതിനിടെ മംഗളൂരു ജയിലിനുള്ളില്‍ കഴിയുന്ന മറ്റൊരു തടവുകാരനെ കാണാന്‍ നൗഷാദ് അഭ്യര്‍ത്ഥിച്ചു. ഇതേതുടര്‍ന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ജയിലിനുള്ളില്‍ ഉണ്ടായിരുന്ന അജ്ഞാതര്‍ നൗഷാദിനെതിരെ കല്ലുകളും വസ്തുക്കളും എറിഞ്ഞ് ആക്രമണം നടത്താന്‍ ശ്രമിച്ചു.എന്നാല്‍ മതിയായ സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നതിനാല്‍ കൂടുതല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ മംഗളൂരു ജയിലില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി എല്ലാവരെയും പ്രത്യേക ജയിലുകളിലേക്ക് മാറ്റി. കേസില്‍ അന്വേഷണം തുടരുകയാണ്.