മകളെ കൊലപ്പെടുത്തിയ യുവാവിന്റെ പിതാവിനെ യുവതിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തി

കൊലപാതകം നടന്നിരിക്കുന്നത് മകളുടെ വിവാഹം ഞായറാഴ്ച നടക്കാന്‍ പോകുന്നതിനിടെ

മംഗളൂരു: മകളെ കൊലപ്പെടുത്തിയ യുവാവിന്റെ പിതാവിനെ യുവതിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തി. മാണ്ഡ്യ പാണ്ഡവപുരയ്ക്കടുത്തുള്ള മാണിക്യനഹള്ളിയിലെ നരസിംഹെ ഗൗഡയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വെങ്കിടേഷ് എന്നയാള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ വെങ്കിടേഷിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കഴിഞ്ഞ ജനുവരി 19ന് വെങ്കിടേഷിന്റെ മകള്‍ ദീപികയെ നരസിംഹഗൗഡയുടെ മകന്‍ നിതേഷ് ഗൗഡ(21) കുത്തിക്കൊലപ്പെടുത്തിയിരുന്നു. 28 കാരിയായ സ്‌കൂള്‍ അധ്യാപികയും ഒരു കുട്ടിയുടെ അമ്മയുമായ ദീപിക പഴയതുപോലെ അടുപ്പം കാണിക്കാത്തതില്‍ പ്രകോപിതനായ നിതേഷ് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. ദീപികയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി കത്തി കൊണ്ട് കുത്തിയും കല്ലുകൊണ്ടിടിച്ചുമാണ് കൊലപ്പെടുത്തിയത്.

തുടര്‍ന്ന് മൃതദേഹം കുഴിച്ചിട്ടു. നാല് ദിവസങ്ങള്‍ക്ക് ശേഷം ദീപികയുടെ മൃതദേഹം കണ്ടെത്തി. വെങ്കിടേഷ് അന്നുമുതല്‍ പ്രതികാരം ചെയ്യാന്‍ പദ്ധതിയിട്ടു. തുടക്കത്തില്‍ നിതേഷിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെങ്കിലും ഇയാളെ കണ്ടെത്താനാകാതെ വന്നതോടെ നിതേഷിന്റെ പിതാവ് നരസിംഹയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

നിതേഷിന്റെ സഹോദരിയുടെ വിവാഹം വരുന്ന ഞായറാഴ്ച ധര്‍മ്മസ്ഥലയില്‍ നടക്കുമെന്നറിഞ്ഞ വെങ്കിടേഷ് ചൊവ്വാഴ്ച ഒരു ചായക്കടയില്‍ നരസിംഹയെ കാണാനിടയാകുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. മേലുകോട്ട് പൊലീസാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

Related Articles
Next Story
Share it