അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ല; സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കാനുള്ള നീക്കവുമായി ലോകായുക്ത ജസ്റ്റിസ്
വിവിധ ജില്ലകളില്‍ നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ ആപ്പുകള്‍ വഴി വന്‍തോതില്‍ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ കാണാന്‍ കഴിഞ്ഞതായി ബി വീരപ്പ

ബെംഗളൂരു: അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് തടയിടാന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കര്‍ശന നടപടികള്‍ എടുക്കാനുള്ള നീക്കവുമായി ഉപലോകായുക്ത ജസ്റ്റിസ് ബി വീരപ്പ. കര്‍ണാടകയിലെ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ് ഫോമുകള്‍ വഴി കൈക്കൂലി വാങ്ങുന്ന അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും പിടികൂടാനും പുതിയതും നൂതനവുമായ ഒരു നടപടിയാണ് ജസ്റ്റിസ് ആരംഭിച്ചത്.
വിവിധ ജില്ലകളില്‍ നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ ആപ്പുകള്‍ വഴി വന്‍തോതില്‍ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ കാണാന്‍ കഴിഞ്ഞതായി ജസ്റ്റിസ് വീരപ്പ പറയുന്നു. റെയ്ഡുകള്‍ ഭയന്ന് പല ഉദ്യോഗസ്ഥരും ഫോണുകളില്‍ നിന്ന് ഇത്തരം ആപ്പുകള്‍ നീക്കം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
എന്നാല്‍ ഉദ്യോഗസ്ഥരുടെ ഇത്തരം തന്ത്രങ്ങള്‍ക്കെതിരെ കര്‍ശന നീക്കമാണ് ജസ്റ്റിസ് വീരപ്പയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. റെയ്ഡ് നടത്തുന്ന സ്ഥാപനങ്ങളില്‍ സാങ്കേതിക വിദഗ്ധരുടെ ഒരു സംഘത്തെ അദ്ദേഹം തനിക്കൊപ്പം കൂട്ടുന്നുണ്ട്. ഇല്ലാതാക്കിയ ആപ്പുകള്‍ വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാനും കൈക്കൂലി പേയ്മെന്റുകള്‍ സൂചിപ്പിക്കുന്ന ഏതെങ്കിലും സംശയാസ്പദമായ ഇടപാടുകള്‍ പരിശോധിക്കാനും ഈ വിദഗ്ധ സംഘത്തിന് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീരപ്പയുടെ സെക്രട്ടറി അരവിന്ദ് എന്‍ വിയും സഹായത്തിനായി ഒപ്പമുണ്ട്.
മാണ്ഡ്യ ജില്ലയില്‍ അടുത്തിടെ നടന്ന ഒരു മിന്നല്‍ പരിശോധനയില്‍, ഏകദേശം 500 ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകള്‍ പെട്ടെന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തതായി കണ്ടെത്തി. എന്നാല്‍ സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെ കുറ്റാരോപിതരായ ഉദ്യോഗസ്ഥരുടെ ഫോണില്‍ നിന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് വലിയരീതിയിലുള്ള പണമിടപാടുകള്‍ നടന്നതിന്റെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു.
അഴിമതി തടയുന്നതിനും പൊതുസേവനത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള ലോകായുക്തയുടെ തുടര്‍ച്ചയായ ശ്രമങ്ങളിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഈ പരിശോധന.