നിയമവിരുദ്ധ മത്സ്യബന്ധനം: കുന്ദാപൂരില്‍ മൂന്ന് ബോട്ടുകള്‍ക്ക് പിഴ ചുമത്തി

കുന്ദാപൂര്‍: നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയെന്ന കുറ്റം ചുമത്തി മൂന്ന് ബോട്ടുകള്‍ക്ക് പിഴ ചുമത്തി അധികൃതര്‍. തീരദേശ സുരക്ഷാ പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള കടലില്‍ നിയമവിരുദ്ധ ലൈറ്റ് ഫിഷിംഗില്‍ ഏര്‍പ്പെട്ടതിനാണ് പിഴ ചുമത്തിയത്.
ഗംഗോളി ഫിഷിംഗ് ഹാര്‍ബറില്‍ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് മൂന്ന് ബോട്ടുകള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാന്‍ ഉഡുപ്പി ജില്ലാ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് ബോട്ട് ഉടമകള്‍ക്ക് 16,000 രൂപ പിഴ ചുമത്തി.
പരിശോധനയ്ക്കിടെ ലൈറ്റ് ഫിഷിംഗിനായി ജനറേറ്റര്‍ ഘടിപ്പിച്ച മറ്റൊരു ബോട്ടും അധികൃതര്‍ കണ്ടെത്തി. ഉടമയ്ക്ക് 5,000 രൂപ പിഴ ചുമത്തി. നിരോധിത മത്സ്യബന്ധന രീതിക്ക് ഉപയോഗിച്ച ജനറേറ്ററും ലൈറ്റിംഗ് ഉപകരണങ്ങളും കണ്ടെടുത്തു.
അനധികൃത ലൈറ്റ് ഫിഷിംഗും ബുള്‍ ട്രോളിംഗും തടയുന്നതിന്, ഫിഷറീസ് വകുപ്പിലെയും തീരദേശ സുരക്ഷാ പൊലീസിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു സംയുക്ത ഫ് ളൈയിംഗ് സ്‌ക്വാഡ് രൂപീകരിച്ചു. നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനായി മാല്‍പെ, ഗംഗോളി ഹാര്‍ബറുകളില്‍ സംഘം തുടര്‍ച്ചയായ പരിശോധനകള്‍ നടത്തിവരുന്നു.