LETTER | പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കണമെന്ന് ദൈവത്തിനോട് അപേക്ഷിച്ച് വിദ്യാര്‍ഥി; ഭണ്ഡാരപ്പെട്ടിയില്‍ നിന്നും കണ്ടെടുത്ത കത്ത് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍

കുന്ദാപൂര്‍: പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കാന്‍ ദൈവത്തിനോട് അപേക്ഷിച്ച് വിദ്യാര്‍ഥി എഴുതിയ കത്ത് ഭണ്ഡാരപ്പെട്ടിയില്‍ നിന്നും കണ്ടെടുത്തു. കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ഹക്ലാഡിക്ക് സമീപം ഹോമിഡിലുള്ള ഒരു ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്.
മാര്‍ച്ച് 14 ന് നടന്ന ക്ഷേത്രത്തിലെ വാര്‍ഷിക ഹാലു ഹബ്ബ, കെന്‍ഡ സേവ ചടങ്ങുകള്‍ക്ക് ശേഷം, കഴിഞ്ഞദിവസം ഹോംമേജ് ബോബ്ബര്യ ദൈവസ്ഥാനത്തിന്റെ മാനേജ്‌മെന്റ് പ്രദേശവാസികളുടെ സാന്നിധ്യത്തില്‍ ഭണ്ഡാരം തുറന്നപ്പോഴാണ് അസാധാരണമായ കത്ത് കണ്ടെത്തിയത്.
ഭക്തര്‍ നിക്ഷേപിച്ച പണത്തിനൊപ്പം, കത്തും കണ്ടെത്തുകയായിരുന്നു. പരീക്ഷയില്‍ തനിക്ക് എത്ര മാര്‍ക്ക് ലഭിക്കണം എന്നും വിദ്യാര്‍ഥി കത്തില്‍ വ്യക്തമാക്കിയിരുന്നു. ഗണിതം - 36-39 മാര്‍ക്ക്, ഇംഗ്ലീഷ് - 37-39, കന്നഡ - 39-40, സയന്‍സ് - 38-39, ഹിന്ദി - 39-40, സാമൂഹിക ശാസ്ത്രം - 37-38 എന്നിങ്ങനെയാണ് ആവശ്യപ്പെട്ട മാര്‍ക്കുകള്‍.
കത്തിന്റെ മുകളില്‍ 'എനിക്ക് ഈ മാര്‍ക്ക് ലഭിക്കണം; ബോബ്ബര്യ ദൈവത്തിന്റെ ദൈവിക ഇടപെടലാണ് എന്റെ ഏക പ്രതീക്ഷ.' 'പ്രിയ ദൈവമേ, ദയവായി ഇതില്‍ കുറഞ്ഞതൊന്നും എനിക്ക് ലഭിക്കാന്‍ ഇടവരരുതേ' എന്നും വിദ്യാര്‍ത്ഥി എഴുതിയിരുന്നു.
കത്തില്‍ വിലാസം ഉണ്ടായിരുന്നില്ല, അതുകൊണ്ടുതന്നെ ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എഴുതിയതെന്നും വ്യക്തമല്ല. ഏത് ക്ലാസിലെ വിദ്യാര്‍ഥിയാണെന്നും പരാമര്‍ശിച്ചിട്ടില്ല, എങ്കിലും ഇപ്പോള്‍ നടക്കുന്ന ബോര്‍ഡ് പരീക്ഷ എഴുതുന്ന എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിയാണെന്നാണ് എല്ലാവരുടേയും സംശയം.