മംഗളൂരുവില്‍ മലയാളി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; കൊല്ലപ്പെട്ടത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്; 20 പേര്‍ അറസ്റ്റില്‍
കൊലപാതകമെന്ന് തെളിഞ്ഞത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം

മംഗളൂരു: മംഗളൂരുവില്‍ മലയാളി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. വയനാട് പുല്‍പ്പള്ളി സ്വദേശി അഷ് റഫ്(36) ആണ് കൊല്ലപ്പെട്ടത്. മംഗളൂരു കുഡുപ്പുവിലെ ഭത്ര കല്ലുര്‍ത്തി ക്ഷേത്രത്തിന് സമീപത്താണ് സംഭവം. കൊല ചെയ്യപ്പെട്ടയാളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. വൈകിയാണ് കൊല്ലപ്പെട്ടത് വയനാട് സ്വദേശി അഷ് റഫാണെന്ന് വ്യക്തമായത്.
സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഡുപ്പു സ്വദേശികളായ സച്ചിന്‍.ടി(26), ദേവദാസ്(50), മഞ്ജുനാഥ് (32), സായി ദീപ് (29), നിതേഷ് കുമാര്‍ എന്ന സന്തോഷ് (33), ദീക്ഷിത് കുമാര്‍ (32), സന്ദീപ് (23), വിവിയന്‍ അല്‍വാരിസ് (41), ശ്രീദത്ത (32), രാഹുല്‍ (23), പ്രദീപ് കുമാര്‍ (35), മനീഷ് ഷെട്ടി (21), ധനുഷ് (31), ദീക്ഷിത് (27), കിഷോര്‍ കുമാര്‍ (37), തുടങ്ങിയവരെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാളിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ 27 ന് വൈകിട്ട് 5:30 മണിയോടെ കുഡുപ്പില്‍ ഒരു മൃതദേഹം കണ്ടെത്തിയതായി മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കുകയായിരുന്നു. പൊലീസും ഫോറന്‍സിക് വിദഗ്ധരും ഉടന്‍ തന്നെ സംഭവസ്ഥലം സന്ദര്‍ശിച്ച് വിശദമായ പരിശോധന നടത്തി. ശരീരത്തില്‍ കാര്യമായ പരിക്കുകളൊന്നും കാണാത്തതിനാല്‍, മരണകാരണം കണ്ടെത്താന്‍ ഫോറന്‍സിക് വിദഗ്ധര്‍ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ നിര്‍ദ്ദേശിച്ചു.
പ്രാഥമിക പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് (യുഡിആര്‍) മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി വെന്‍ലോക്ക് ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ക്രൂരമര്‍ദ്ദനത്തിനിരയായ യുവാവിന് ആന്തരിക രക്തസ്രാവമുണ്ടാകുകയും മുതുകില്‍ നിരവധി തവണ മര്‍ദ്ദനമേല്‍ക്കുകയും ചെയ്തതായി പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു.
മരിച്ചയാളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ഡാറ്റയും പരിശോധിച്ചതോടെയാണ് കൊല്ലപ്പെട്ടയാളെ കണ്ടെത്താന്‍ സഹായകമായ വിവരങ്ങള്‍ ലഭിച്ചത്. ഏപ്രില്‍ 27 ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഭത്ര കല്ലുര്‍ത്തി ക്ഷേത്ര മൈതാനത്തിന് സമീപം നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിനിടെ അഷ്റഫും മറ്റൊരു സമുദായത്തില്‍പ്പെട്ട യുവാവും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു.
ഇതിനിടെ അഷ് റഫിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഷ് റഫ് പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ചതാണ് കൊലക്ക് കാരണമെന്നാണ് പ്രചാരണമെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. ഒരു കൂട്ടം ആളുകള്‍ വടി കൊണ്ടും കൈകൊണ്ടും ക്രൂരമായി മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്യുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിന്നീട് പൊലീസിന് ലഭിച്ചു.
സമീപത്തുണ്ടായിരുന്നവര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും, സംഘം അക്രമം തുടരുകയും മരണം സംഭവിക്കുകയും ചെയ്തു. സംഭവത്തിന് ദൃക് സാക്ഷിയായ കുല്‍ശേഖര്‍ സ്വദേശിയായ ദീപക് കുമാര്‍ (33) നല്‍കിയ പരാതിയില്‍ 25 പേര്‍ക്കെതിരെയാണ് കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. 20 പേര്‍ പിടിയിലായതോടെ മറ്റ് 5 പ്രതികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ശക്തമാക്കി. കൊലപാതകവിവരമറിഞ്ഞ് അഷ് റഫിന്റെ സഹോദരന്‍ മംഗളൂരുവിലെത്തി.